LiveTV

Live

National

ഒരു വിഐപിക്ക് മൂന്നു പൊലീസുകാര്‍, 663 പൌരന്‍മാര്‍ക്ക് ഒരു പൊലീസുകാരന്‍... രാജ്യത്തെ സുരക്ഷയിങ്ങനെ...

ഒരു വിഐപിക്ക് മൂന്നു പൊലീസുകാര്‍, 663 പൌരന്‍മാര്‍ക്ക് ഒരു പൊലീസുകാരന്‍... രാജ്യത്തെ സുരക്ഷയിങ്ങനെ...
Summary
രാജ്യത്തെ ജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറും പൊള്ളയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറും പൊള്ളയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇനി വിഐപികള്‍ ഇല്ലെന്നും എല്ലാ പൌരന്‍മാര്‍ക്കും തുല്യ സുരക്ഷയായിരിക്കുമെന്നുമുള്ള മോദിയുടെ ഉറപ്പാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പൊളിച്ചടുക്കുന്നത്. മോദിയുടെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് വിഐപി സംസ്‍കാരവും തഴച്ചു വളരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വിഐപിക്ക് മൂന്നു പൊലീസുകാര്‍, 663 പൌരന്‍മാര്‍ക്ക് ഒരു പൊലീസുകാരന്‍... രാജ്യത്തെ സുരക്ഷയിങ്ങനെ...

രാജ്യത്തെ 20,000 ലേറെ വരുന്ന വിഐപികളുടെ സുരക്ഷക്ക് ഒരാള്‍ക്ക് മൂന്നു പൊലീസുകാര്‍ എന്ന നിലയിലാണ് വിന്യാസം. വിഐപി സുരക്ഷ കാരണം, സാധാരണ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കാന്‍ സേനയില്‍ പൊലീസിന്റെ എണ്ണം വളരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം 19.26 ലക്ഷം പൊലീസുകാരാണുള്ളത്. 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 20,828 വിഐപികളുണ്ട്. ഇവരുടെ സുരക്ഷക്ക് മാത്രമായി വിന്യസിച്ചിരിക്കുന്നത് 56,944 പൊലീസുകാരെയാണ്. അതായത് ഒരു വിഐപിക്ക് ശരാശരി 2.73 പൊലീസുകാര്‍ എന്ന നിലയില്‍. ലക്ഷദ്വീപില്‍ മാത്രമാണ് വിഐപി സുരക്ഷയില്ലാത്ത ഒരേയൊരു ഇടം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മോദിയുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് രാജ്യത്ത് വിഐപി സംസ്‍കാരം തഴച്ചുവളരുകയാണെന്നതിനുള്ള തെളിവുകളുള്ളത്. രാജ്യത്തെ 663 സാധാരണക്കാരുടെ സുരക്ഷക്ക് ഒരു പൊലീസുകാരന്‍ മാത്രമാണുള്ളത്.

കഴിഞ്ഞ മെയ് ഒന്നു മുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കേന്ദ്രവും ചില സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുന്ന കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയുള്ളത്. 489 വിഐപികള്‍ക്ക് 7420 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് വിഐപി സുരക്ഷയില്‍ ഏറ്റവും മുമ്പില്‍. ഇതില്‍ ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, ജമ്മു കശ്‍മീര്‍ എന്നിങ്ങനെയാണ് വിഐപി സംസ്കാരം ഏറ്റവും കൂടുതല്‍ കൊണ്ടുനടക്കുന്നത്. പല വിഐപികളും ജീവന് ഭീഷണി എന്നതിനേക്കാള്‍ സുരക്ഷ വലയം ഒരു അന്തസ് എന്ന നിലയിലാണ് ഉപയോഗിച്ച് പോരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഗുര്‍മീത് സിങിനും സെഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം നല്‍കിയിരുന്നത്. മോദിയുടെ വിഐപി പ്രഖ്യാപനത്തിന് ശേഷവും ഇയാളുടെ സുരക്ഷയില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. ഏറ്റവുമൊടുവില്‍ ഗുര്‍മീത് ശിക്ഷിക്കപ്പെടുകയും ഇതേത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 30ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രം തയാറായത്.