LiveTV

Live

National

ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി
Summary
ആഡംബര ജീവിതം നയിച്ചതിന് നിലവില്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനിലായിരുന്നു ഋതബ്രത ബാനര്‍ജി.

സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ രാജ്യസഭാ എം പി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് നടപടി. കേന്ദ്ര നേതൃത്വം ബംഗാള്‍ വിരുദ്ധരാണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഋതബ്രത ആരോപിച്ചിരുന്നു. ആഢംബര ജീവിതം നയിച്ചതിന് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത നേതാവാണ് ഋതബ്രത.

ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കേന്ദ്ര നേതൃത്യത്തിനെ ഋതബ്രത ബാനര്‍ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. നിലവിലെ കേന്ദ്ര നേതൃത്വം ബംഗാള്‍വിരുദ്ധമാണ്. നേരത്തെ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകാനുള്ള അവസരം നിഷേധിച്ച നേതൃത്വത്തിന്റെ അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നത്. സീതാറാം യെച്ചരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാന്‍ ബംഗാള്‍ ഘടകം ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വം തള്ളി കളഞ്ഞത് ഇതിന്റെ തുടര്‍ച്ചയാണ്.

പ്രകാശ് കാരാട്ടും ബ്രിന്ദ കാരാട്ടുമാണ് യെച്ചൂരി സഭയില്‍ തിരിച്ചെത്തുന്നത് ഇല്ലാതാക്കിയതെന്നും ഋതബ്രത ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഋതബ്രതയെ പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് ചേരാത്ത ജീവിതരീതിക്ക് ഉടമയായ ഋതബ്രത പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. നേരത്തെ തന്നെ നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഋതബ്രതയെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സമിതി കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിരുന്നു. ഇത് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയില്‍ ഇരിക്കമ്പോള്‍ വീണ്ടും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഋതബ്രതയെ പുറത്താക്കുക തന്നെ വേണമെന്ന് ഭൂരിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു.

ഉത്തരവാദപെട്ട സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. നിലവില്‍ ബംഗാളില്‍ നിന്ന് സി പി എമ്മിനുളള ഏക രാജ്യസഭാ എം പി യാണ് ഋതബ്രത ബാനര്‍ജി.