LiveTV

Live

National

ഗോരഖ്പൂര്‍ കുട്ടികളുടെ കൂട്ടമരണം: ആശുപത്രി വാദങ്ങള്‍ തള്ളാതെ സര്‍ക്കാര്‍

ഗോരഖ്പൂര്‍ കുട്ടികളുടെ കൂട്ടമരണം: ആശുപത്രി വാദങ്ങള്‍ തള്ളാതെ സര്‍ക്കാര്‍
Summary
മരണങ്ങള്‍ക്ക് കാരണം ഓക്സിജന്റെ അഭാവമല്ല എന്ന് ആരോഗ്യമന്ത്രി പറയുമ്പോള്‍ എല്ലാമരണവും ഓക്സിജന്റെ അഭാവം മൂലമല്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. കൂട്ടമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്..

ഗോരഖ്പൂരില്‍ കുട്ടികളുടെ കൂട്ടമരണത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങളെ തള്ളാതെ സംസ്ഥാനസര്‍ക്കാര്‍. മരണങ്ങള്‍ക്ക് കാരണം ഓക്സിജന്റെ അഭാവമല്ല എന്ന് ആരോഗ്യമന്ത്രി പറയുമ്പോള്‍ എല്ലാമരണവും ഓക്സിജന്റെ അഭാവം മൂലമല്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. കൂട്ടമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.

ഓക്സിജന്റെ കുറവുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കിയ കുറിപ്പുകളും തെളിവുകളുമടക്കം പുറത്ത് വന്നിട്ടും അക്കാര്യം അംഗീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടില്ല. മരണം വിവിധ രോഗങ്ങള്‍ കാരണമാണെന്ന് ആരോഗ്യമന്ത്രി സിദ്ദാര്‍ഥ് നാഥിന്റെ പ്രതികരണം. എന്നാല്‍ പിന്നീട് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാമരണങ്ങളും ഓക്സിജന്റെ ലഭ്യത കുറവ് മൂലമല്ലെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചു.

ജപ്പാന്‍ ജ്വരവും അനുബന്ധ അസുഖങ്ങളും പിടിപെട്ട് ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചവരില്‍ ഏറെയും. മസ്തിഷ്ക വീക്കത്തിന് ചികിത്സയിലുണ്ടായിരുന്ന 14 കുട്ടികളും നവജാത ശിശുസംരക്ഷണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന 35 കുട്ടികളും ജനറല്‍ വാര്‍ഡില്‍ 14 കുട്ടികളുമാണ് കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ മരണപ്പെട്ടത്. കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത്രവലിയ കൂട്ടമരണം നടന്നിട്ടും അത് മറച്ച് വെക്കാനുള്ള ശ്രമമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. മരിച്ച കുട്ടികളില്‍ ചിലരുടെ രക്ഷിതാക്കള്‍ പരാതിയുമായി എത്തിയപ്പോഴാണ് കൂട്ടമരണത്തെക്കുറിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആശുപത്രിയില്‍ ഓക്സിജന്‍ നല്‍കുന്ന കന്പനിക്ക് 67 ലക്ഷം രൂപ കുടിശ്ശികയായി നല്‍കാനുള്ളതാണ് കന്പനി ഓക്സിജന്‍ വിതരണം നിര്‍ത്തിവെക്കാന്‍ കാരണം.