LiveTV

Live

National

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചു

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചു
Summary
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും എതിരെയാണ് അപ്പീല്‍

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും എതിരെയാണ് അപ്പീല്‍. തന്റെയോ ഹാദിയയുടേയോ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി. വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം അസാധുവാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെന്നതാണ്. എന്നാല്‍ മുസ്‍‌ലിം വിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ അമുസ്‌ലിംകള്‍ ആണെങ്കില്‍ താല്‍ക്കാലികരക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം നടത്താവുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ഉത്തരവില്‍ ഹൈക്കോടതി ജഡ്ജി അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഷെഫിന്‍ ഹർജിയിൽ വ്യക്തമാക്കി. ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.

വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് കാട്ടിയാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയ ഇപ്പോള്‍ പോലീസ് സംരക്ഷണത്തോടുകൂടി മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.

വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി പെണ്‍കുട്ടിയുടെ ഭാഗം കോള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.