LiveTV

Live

National

ഹിന്ദുസേനാ പ്രവര്‍ത്തകര്‍ എകെജി ഭവനില്‍ അതിക്രമിച്ചുകയറി; യെച്ചൂരിയെ കയ്യേറ്റം ചെയ്തു

ഹിന്ദുസേനാ പ്രവര്‍ത്തകര്‍ എകെജി ഭവനില്‍ അതിക്രമിച്ചുകയറി; യെച്ചൂരിയെ കയ്യേറ്റം ചെയ്തു
Summary
ഡല്‍ഹി എകെജി ഭവനിലേക്ക് ഇരച്ചുകയറിയ ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകരാണ് യെച്ചൂരിയെ കയ്യേറ്റം ചെയ്തത്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്തു. പാർട്ടി ആസ്ഥാനമായ എകെജി ഭവനിലേക്ക് അതിക്രമിച്ച് കടന്ന ഭാരതീയ ഹിന്ദുസേന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്.

കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നടന്ന പിബി യോഗത്തിന്‍റെ തീരുമാനങ്ങൾ വിശദീകരിക്കാനായി ഹാളിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. ഹാളിന് മുന്നിലെ ഇടനാഴിയിൽ വെച്ച് യെച്ചൂരിക്ക് പിന്നാലെ വന്ന രണ്ട് ഹിന്ദുസേനാ പ്രവർത്തകർ അദ്ദേഹത്തെ പിന്നിൽ നിന്ന് പിടിച്ച് വലിക്കുകയായിരുന്നു. സിപിഎം വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ആക്രമണം. പവൻ കൗൾ, ഉപേന്ദ്രകുമാർ എന്നീ അക്രമികളെ പാർട്ടി ഓഫീസ് ജീവനക്കാരും മാധ്യമപ്രവർത്തകരും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് അക്രമികൾ അകത്ത്കയറിയതെന്ന് ഡൽഹി ഡിസിപി ബി.കെ സിങ് പറഞ്ഞത്.

സംഘി ഗുണ്ടകള്‍ക്ക് മുന്‍പില്‍ സിപിഎം കീഴടങ്ങില്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഗുണ്ടാആക്രമണം കൊണ്ട് നിശബ്ദരാക്കാമെന്ന് സംഘപരിവാര്‍ കരുതേണ്ടെന്നും യെച്ചൂരി പറഞ്ഞു.

മുമ്പും പലതവണ എകെജി ഭവനു നേരെ സംഘപരിവാർ സംഘടനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും അകത്ത് പ്രവേശിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ കേരള ഹൗസ് ആക്രമിച്ച അതേ സംഘടന തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിനും പിന്നിൽ.