LiveTV

Live

National

ആരാ നിന്റെ അച്ഛന്‍ ? യുപിയില്‍ കമിതാക്കളെ യോഗിയുടെ ഹിന്ദു യുവ വാഹിനി കൈകാര്യം ചെയ്തത് ആരെയും ഞെട്ടിക്കും...

ആരാ നിന്റെ അച്ഛന്‍ ? യുപിയില്‍ കമിതാക്കളെ യോഗിയുടെ ഹിന്ദു യുവ വാഹിനി കൈകാര്യം ചെയ്തത് ആരെയും ഞെട്ടിക്കും...
Summary
നാട്ടുകാരെ സദാചാരം പഠിപ്പിക്കുകയെന്നതാണ് ഇവരുടെ കുലത്തൊഴില്‍.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപംകൊടുത്ത തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവ വാഹിനി. നാട്ടുകാരെ സദാചാരം പഠിപ്പിക്കുകയെന്നതാണ് ഇവരുടെ കുലത്തൊഴില്‍. മീററ്റില്‍ ഇന്ന് കമിതാക്കളെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ആരെയും ഞെട്ടിക്കുന്നതാണ്. മീററ്റ് ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണായോന്ന് സംശയിപ്പിക്കുന്ന വിധമായിരുന്നു യോഗിയുടെ അനുഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ പ്രവര്‍ത്തകരുടെ പ്രകടനം.

മീററ്റ് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലേക്ക് കടന്നുകയറിയ സംഘടനാ പ്രവര്‍ത്തകര്‍, വ്യത്യസ്ത മതവിശ്വാസികളായ യുവതിയെയും യുവാവിനെയും വിറപ്പിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഈ സദാചാര ആക്രമണം. എവിടെ നിന്നു വരുന്നു ? എന്താണ് പരിപാടി ? നിന്റെയൊക്കെ അച്ഛനാരാ ? സഹോദരങ്ങളുടെ പേര് എന്താ ? എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് മതംമാറ്റല്‍, അനാശാസ്യം തുടങ്ങി ഇവര്‍ക്ക് മേലുള്ള ആരോപണങ്ങളുടെ നീണ്ട നിര തന്നെയാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. പൊലീസുകാരും സംഘടനാ പ്രവര്‍ത്തകരുടെ താളത്തിനു തുള്ളുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്.

കുടുംബാംഗങ്ങളുടെയും യുവാവിന്‍റെയും പേരുകള്‍ കേട്ടിട്ട് ഒരേ മതത്തിലുള്ളവരാണെന്ന് തോന്നുന്നില്ലല്ലോ എന്ന് അക്രമികള്‍ ചോദിച്ചു. മതപരിവര്‍ത്തനം നടത്തിയതാണോ എന്നായിരുന്നു അക്രമികള്‍ക്ക് അറിയേണ്ടത്. തുടര്‍ന്ന് യുവാവിനെയും യുവതിയെയും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യത്തെ നടപടിയായിരുന്നു അറവുശാലകള്‍ പൂട്ടുകയെന്നത്. ഇതിനു പിന്നാലെ പൂവാലശല്യം തീര്‍ക്കാനെന്ന പേരില്‍ ആന്റി റോമിയോ സ്‍ക്വാഡും രൂപീകരിച്ചു. എന്നാല്‍ ഈ സ്‍ക്വാഡ് ഇപ്പോള്‍ സ്ത്രീ സുരക്ഷയേക്കാള്‍ സദാചാരം പഠിപ്പിക്കാനാണ് കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്.