LiveTV

Live

National

പഞ്ചാബില്‍ സിപിഎമ്മും ആര്‍എംപിയും ഒറ്റക്കെട്ട്

പഞ്ചാബില്‍ സിപിഎമ്മും ആര്‍എംപിയും ഒറ്റക്കെട്ട്
Summary
കേരളത്തില്‍ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സിപിഎമ്മും ആര്‍എംപിയും പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കും.

കേരളത്തില്‍ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സിപിഎമ്മും ആര്‍എംപിയും പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കും. ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചാബില്‍ സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടിയാണ് ആര്‍എംപി.

സിപിഎം പഞ്ചാബ് അടക്കം 6 പാര്‍ട്ടികള്‍ യോജിച്ചാണ് ആര്‍എംപിഐ എന്ന ഒറ്റപാര്‍ട്ടിയായി മാറിയത്. പഞ്ചാബില്‍ കാലങ്ങളായി കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചിരുന്ന സിപിഎം ഇത്തവണ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇടത് പാര്‍ട്ടികളുമായി യോജിച്ച് നീങ്ങാന്‍ തീരുമാനിച്ചത്. സിപിഐയും സഖ്യത്തിന്റെ ഭാഗമാണ്. 117 സീറ്റുകളില്‍ 52 സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരരംഗത്തുള്ളത്. സിപിഐ 25 സീറ്റിലും സിപിഎം 14 സീറ്റിലും ആര്‍എംപി 13 സീറ്റിലും മത്സരിക്കും. മറ്റ് ഇടത് പാര്‍ട്ടികളെക്കാളും സ്വാധീനം ഉണ്ടെങ്കിലും വിജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍എംപി കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കുന്നത്. ആര്‍എംപിഐ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്‌ലയാണ് മുന്നണിയെ നയിക്കുന്നത്. കേരളത്തില്‍ ആര്‍എംപിയും സിപിഎമ്മും പരസ്പരം പോരടിക്കുന്നതിനിടെയാണ് പഞ്ചാബിലെ സഖ്യമെന്നതും ശ്രദ്ധേയമാണ്.

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധം സിപിഎം സംസ്ഥാന നേതൃത്വം നടത്തിയ ഗൂഡാലോചനയാണെന്നാണ് ആര്‍എംപി ആരോപിക്കുന്നത്. കേരളത്തില്‍ ഇരുവിഭാഗവും പരസ്പരം പോരാടുമ്പോള്‍ പഞ്ചാബില്‍ സഖ്യമുണ്ടാക്കിയത് തങ്ങളുടെ നിലപാടുകള്‍ നിന്ന് പിന്നോട്ട് പോയത് കൊണ്ടല്ല എന്നാണ് ഇരുപാര്‍ട്ടികളുടെയും വാദം.