LiveTV

Live

National

തന്റെ വളര്‍ത്തമ്മയെ കാണാന്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രി മംഗലാപുരത്തെത്തി

തന്റെ വളര്‍ത്തമ്മയെ കാണാന്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രി മംഗലാപുരത്തെത്തി
Summary
തന്റെ വീട്ടില്‍ 21 വര്‍ഷം ജോലി ചെയ്ത കൊല്ലം സ്വദേശിനി ലൈലയെ അവരുടെ വീട്ടിലെത്തി ബഹ്റൈന്‍ വിദേശകാര്യമന്ത്രി കണ്ടത് വാര്‍ത്തയായിരുന്നു.

കൊല്ലത്തുനിന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി നേരെ പോയത് മംഗലാപുരത്തേക്ക്. 93 കാരി കാര്‍മിന്‍ മത്യാസിനെ കാണാന്‍. കാര്‍മിന്‍ മത്യാസിനാകട്ടെ ഇതിലും നല്ലൊരു ക്രിസ്മസ് സമ്മാനം കിട്ടാനില്ല. അര നൂറ്റാണ്ടിലധികം മുമ്പ് താന്‍ മകനെ പോലെ നോക്കിയ ആ കുട്ടി അന്വേഷിച്ച് എത്തിയിരിക്കുന്നു. പഴയ ഓര്‍മകള്‍ അയവിറക്കുന്നു.

തന്റെ പഴയ ആയയെ അവരുടെ വീടിന് മുന്നില്‍ കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് എടുത്ത ഫോട്ടോയും അവര്‍ക്കൊപ്പമുള്ള ഓര്‍മകളും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഇന്‍സ്റ്റഗ്രാമിലൂടെതന്നെയാണ് ലോകത്തെ അറിയിച്ചത്. കാര്‍മിന്‍ മത്യാസിന്റെ വീടിന് മുന്നില്‍ തൂക്കിയ നക്ഷത്രങ്ങള്‍ ആ സ്നേഹപ്രകടനങ്ങള്‍ സാക്ഷികളായി.

ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നതിനിടെ ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് തന്റെ വീട്ടില്‍ 21 വര്‍ഷം ജോലി ചെയ്ത കൊല്ലം സ്വദേശിനി ലൈലയെ അവരുടെ വീട്ടിലെത്തി കണ്ടത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ യാത്ര ചെയ്ത് തന്റെ വളര്‍ത്തമ്മയെ കാണാനായി ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് എത്തിയത്.

തന്റെ വളര്‍ത്തമ്മയെ കാണാന്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രി മംഗലാപുരത്തെത്തി

1959 ജനുവരിയില്‍ 35ാം വയസ്സിലാണ് കാര്‍മിന്‍ മത്യാസ് ബഹ്റൈനിലെത്തുന്നത്. ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദിന്റെ ജ്യേഷ്ഠന്റെ ആയയായി. പിന്നീട് തന്നെയും തന്റെ ഇളയ രണ്ട് സഹോദരിമാരെയും സംരക്ഷിച്ചത് കാര്‍മിനായിരുന്നുവെന്ന് ശൈഖ് ഖാലിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. എന്നും ഓര്‍മിക്കുന്ന സ്നേഹവും കരുതലുമാണ് അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. ഇപ്പോഴും അവരുടെ സ്നേഹം ഞങ്ങള്‍ ഓര്‍ക്കാറുണ്ട്. കാര്‍മിന്‍ മത്യാസിന് മികച്ച ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശൈഖ് ഖാലിദിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.