LiveTV

Live

National

വികലാംഗരായ പട്ടാളക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

Summary
സൈനിക സേവനത്തിനിടയിലും യുദ്ധത്തിനിടയിലും പരിക്കേറ്റ്‌ അംഗവൈകല്യം സംഭവിച്ച്‌ സൈനിക സേവനം അവസാനിപ്പിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌.
വികലാംഗരായ പട്ടാളക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

സൈനിക സേവനത്തിനിടെ പരിക്കേറ്റ്‌ വികലാംഗരാകുന്ന പട്ടാളക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൈനികരുടെ ത്യാഗത്തെ പ്രധാനമന്ത്രി രാഷ്ട്രീയ താല്‍പര്യത്തിനായാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നാലാക്രമണം നടത്തിയ അതേ ദിവസമായിരുന്നു പെന്‍ഷന്‍ വെട്ടിക്കുറക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ടത്.

സൈനിക സ്നേവനത്തിനിടയിലും യുദ്ധത്തിനിടയിലും പരിക്കേറ്റ്‌ അംഗവൈകല്യം സംഭവിച്ച്‌ സൈനിക സേവനം അവസാനിപ്പിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌. ഗുരുതരമായി പരിക്കേല്‍ക്കുകയും 100 ശതമാനം അംഗവൈകല്യം സംഭവിക്കുകയും ചെയ്താല്‍ തുടക്കക്കാരന്‍ ആയാല്‍ പോലും പിന്നീട്‌ സൈന്യത്തില്‍ തുടരാനാവില്ല. ഇവര്‍ക്ക്‌ ഒരു മാസം പെന്‍ഷനായി ലഭിക്കുന്ന 45200 രൂപ 27200 ആയി കുറക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ്സ് ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ സൈനികരുടെ ത്യാഗത്തെ പ്രധാന മന്ത്രി രാഷ്ട്രീയമായ ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.

സെപ്റ്റംബര്‍ 30വരെ, നൂറ് ശതമാനം അംഗവൈകല്യം ബാധിച്ച സൈനികന്, അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുകയാകും പെന്‍ഷന്‍ ലഭിച്ചുപോന്നത്. പെന്‍ഷന്‍ വെട്ടിക്കുറവ് നടപ്പിലാകുന്നതോടെ അത് 50ശതമാനത്തോളമായി കുറയും. ഏഴാം ശമ്പളക്കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.