LiveTV

Live

National

ഭാര്യയുടെ പരാതിയില്‍ കേസെടുത്തു; ഷമി 'ഒളിവില്‍'

ഭാര്യയുടെ പരാതിയില്‍ കേസെടുത്തു; ഷമി 'ഒളിവില്‍'
Summary
ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും ഭാര്യ ഹസിന്‍ ജഹാന്‍ താരത്തിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഷമിയെ കാണാതായത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും ഭാര്യ ഹസിന്‍ ജഹാന്‍ താരത്തിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഷമിയെ കാണാതായത്. ഹസിന്റെ പരാതിയില്‍ ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഷമിക്കെതിരെ ഹസിന്‍ കൊല്‍ക്കത്ത പൊലീസിന് പരാതി സമര്‍പ്പിച്ചത്.

ഭാര്യയുടെ പരാതിയില്‍ കേസെടുത്തു; ഷമി 'ഒളിവില്‍'

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷമി ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഒമ്പതു മണിക്ക് ശേഷം ഷമി എവിടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഒമ്പതിന് ശേഷം ഷമി ആരുടെയും കോളുകള്‍ സ്വീകരിച്ചിട്ടില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി, ഗാസിയാബാദാണ് ഷമിയുടെ അവസാന ലൊക്കേഷന്‍. ഇതിന് ശേഷം ഷമി എവിടേക്ക് പോയെന്ന് അന്വേഷണ സംഘത്തിനും വിവരമൊന്നുമില്ല. മൂത്ത സഹോദരനൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഷമി, ഇവിടെ നിന്ന് ഗാസിയാബാദിലേക്ക് പോയെന്നാണ് വിവരം. ഹസിനുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിനായി ഷമിയുടെ ഏതാനും കുടുംബാംഗങ്ങള്‍ ഈ സമയം കൊല്‍ക്കത്തയിലേക്കു പോയിരുന്നു. ഇവരില്‍ ഒരാള്‍ അവസാനം ഷമിയുമായി ഫോണില്‍ ബന്ധപ്പെടുമ്പോള്‍ താരം പില്‍കുവായില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിന് ശേഷം തന്റെ കുടുംബാംഗങ്ങളോട് മാധ്യമങ്ങളെ ഒഴിവാക്കാനും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും അറിയിച്ചു. ഇതിന് ശേഷമാണ് ഷമിയുടെയും സഹോദരന്റെയും ഫോണുകള്‍ സ്വിച്ച് ഓഫായത്. ഇതേസമയം, ഷമിയുമായി ബന്ധപ്പെടുകയോ വീട് സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഗാര്‍ഹിക പീഡനം, വധശ്രമം തുടങ്ങിയ പരാതികള്‍ ഷമിക്കെതിരെ ഉന്നയിച്ച ഭാര്യ, ഇതിന് പിന്നാലെ താരം ഒത്തുകളി നടത്തിയിട്ടുണ്ടെന്നും ആരോപിച്ചിട്ടുണ്ട്.