LiveTV

Live

National

നിർണായക കേന്ദ്ര കമ്മിറ്റി ചേരുന്നു; രാഷ്ട്രീയ പ്രമേയത്തിന്റെ കരട്‌ രൂപരേഖകളിൽ ചർച്ച

നിർണായക കേന്ദ്ര കമ്മിറ്റി ചേരുന്നു; രാഷ്ട്രീയ പ്രമേയത്തിന്റെ കരട്‌ രൂപരേഖകളിൽ ചർച്ച
Summary
പതിവിന് വിരുദ്ധമായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പിബിയുടെ രൂപരേഖ കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

സിപിഎം രാഷ്ട്രീയ പ്രമേയത്തിന്‍റെ കരടിന്‍മേലുള്ള രണ്ട് രൂപരേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കേണ്‍ഗ്രസുമായി യതൊരുവിധ സഹകരണവും പാടില്ലെന്ന് പിബി അംഗീകരിച്ച രൂപരേഖ അവതരിപ്പിച്ച പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ മതേതരകക്ഷികളുമായും സഹകരിക്കണമെന്ന് രണ്ടാമത്തെ രേഖ അവതരിപ്പിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു. ചര്‍ച്ചയില്‍ ആദ്യദിവസം 7 പേരാണ് പങ്കെടുത്തത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് രൂപരേഖയ്ക്ക് പിബിയില്‍ ഭൂരിപക്ഷം ലഭിക്കാതെപോയതോടെ പിബി അംഗീകരിച്ച രേഖ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമിതിയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസുമായി യാതൊരുവിധ സഹകരണവും പാടില്ലെന്ന് കാരാട്ട് ആവശ്യപ്പെട്ടു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവ് നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും കരാട്ട് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയസാഹചര്യം മാറിയെന്നും മോദി സര്‍ക്കാരിനെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാമതേതര കക്ഷികളുമായും സഹകരിക്കണമെന്ന് പിബിയില്‍ ഭൂരിപക്ഷം ലഭിക്കാതെപോയ രേഖ അവതരിപ്പിച്ച യെച്ചൂരി പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് പുറത്ത് ആരുമായും തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ പാടില്ലെന്നും യെച്ചൂരി നിര്‍ദേശിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 7 പേരാണ് ആദ്യദിവസം പങ്കെടുത്തത്. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട ബംഗാളില്‍ നിന്നുള്ള ശ്രീദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തോമസ് ഐസക്ക് സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണ് സംസാരിച്ചത്. ബംഗാളിലെ സാഹചര്യം കൂടി കണക്കിലെടുത്തുവേണം രാഷ്ട്രീയ അടവ് നയം രൂപീകരിക്കേണ്ടതെന്നായിരുന്നു ഐസക്കിന്‍റെ അഭിപ്രായം. സിസിയുടെ രണ്ടാം ദിവസം വിഎസ് അച്യുതാനന്ദനടക്കമുള്ള കേരളത്തിലെ പ്രമുഖ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.