LiveTV

Live

National

പെഹ്‍ലുഖാന്‍ കൊലയില്‍ പൊലീസ് മരണമൊഴി അവഗണിച്ചു: ഗോരക്ഷകര്‍ക്ക് ക്ലീന്‍ചിറ്റ്

പെഹ്‍ലുഖാന്‍ കൊലയില്‍ പൊലീസ് മരണമൊഴി അവഗണിച്ചു: ഗോരക്ഷകര്‍ക്ക് ക്ലീന്‍ചിറ്റ്
Summary
രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രധാന പ്രതികളായ ആറ് പേര്‍ക്കെതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു.

രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രധാന പ്രതികളായ ആറ് പേര്‍ക്കെതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ നിലപാട്.

പെഹ്‌ലുഖാനെ ആക്രമിക്കപ്പെട്ട സ്ഥലത്ത് പ്രതിചേര്‍ക്കപ്പെട്ട ആറ് പേരും ഉണ്ടായിരുന്നില്ലെന്ന ഗോശാല ജീവനക്കാരുടെ മൊഴിയും മൊബൈല്‍ വിശദാംശങ്ങളും അടിസ്ഥാനപ്പെടുത്തി ആറ് പേരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്‍റെ വാദം. ഓം യാദവ്, ഹുകും ചന്ദ് യാദവ്, സുധീര്‍ യാദവ്, നവീന്‍ ശര്‍മ, ജഗ്മല്‍ യാദവ്, രാഹുല്‍ സൈനി തുടങ്ങിയവരെയാണ് വെറുതെ വിട്ടത്.

പൊലീസ് വെറുതെ വിട്ട ആറ് പ്രതികളും കുറ്റക്കാരാണെന്നാണ് പെഹ്‌ലുഖാന്‍റെ കുടുംബം പറയുന്നത്. അക്രമം തുടങ്ങിയത് ഇവരാണെന്നും പ്രതികള്‍ പരസ്പരം പേരു വിളിച്ചത് കേട്ടിരുന്നുവെന്നും പെഹ്‌ലുഖാന്റെ മകന്‍ മൊഴി നല്‍കിയിരുന്നു. മകനും അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും മകന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ വെച്ച് പെഹ്‌ലുഖാന്‍ ആറ് പ്രതികള്‍ക്കെതിരെയും മൊഴി നല്‍കിയിരുന്നു. മരണമൊഴി എങ്ങനെയാണ് പൊലീസിന് അവിശ്വസിക്കാന്‍ കഴിയുന്നതെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ വിനയ് പാല്‍ യാദവ് ചോദിക്കുന്നത്.

രാജസ്ഥാനിലെ ആള്‍വാറില്‍ ഏപ്രില്‍ ഒന്നിനാണ് ഹരിയാന സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. ഡയറി ഫാമിലേക്ക് പശുക്കളെ ട്രക്കില്‍ കൊണ്ടുവരുമ്പോഴാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ പശുക്കടത്ത് ആരോപിച്ച് പെഹ്‍ലുഖാനെ മര്‍ദ്ദിച്ചത്. ഫാമിലേക്ക് പശുക്കളെ കൊണ്ടുവരാനുള്ള അനുമതിപത്രം പെഹ്‍ലുഖാന്‍റെ കയ്യില്‍ ഉണ്ടായിരുന്നിട്ടും അക്രമികള്‍ വെറുതെവിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് പേരെ പൊലീസ് തന്നെ വെറുതെ വിട്ടതോടെ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഇനി 11 പേരാണുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഒളിവിലാണ്.