LiveTV

Live

National

മുംബൈ സ്ഫോടനം: രണ്ട് പേര്‍ക്ക് വധശിക്ഷ, അബു സലീമിന് ജീവപര്യന്തം

മുംബൈ സ്ഫോടനം: രണ്ട് പേര്‍ക്ക് വധശിക്ഷ, അബു സലീമിന് ജീവപര്യന്തം
Summary
ഇരുവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 

1993ലെ മുംബൈ സ്ഫോടന പരന്പരക്കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. താഹിര്‍ മെര്‍ച്ന്റ്,ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് മുംബൈയിലെ ടാഡ കോടതി വധശിക്ഷ വിധിച്ചത്. അധോലോക നായകനായ അബൂ സലീമിനെയും, കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് പത്ത് വര്‍ഷം തടവാണ് ശിക്ഷ.

257 പേരുടെ മരണത്തിനും, 700ല്‍ അധികം പേര്‍ക്കും പരിക്കേല്‍ക്കാനും കാരണമായ സ്ഫോടന പരന്പര നടപ്പിലാക്കുന്നതിനും, അതിനായുള്ള ആയുധങ്ങള്‍ സംഘടിപ്പിക്കുന്നതിനും താഴെ തട്ടില്‍ ഗൂഢാലോചന നടത്തിയ അഞ്ച് പേരുടെ ശിക്ഷയാണ് ഇന്ന് ടാഡ കോടതി വിധിച്ചത്. ഇതില്‍ താഹിര്‍ മെര്‍ച്ചന്‍റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ബോംബുകള്‍ നിര്‍മ്മിക്കാനും, സ്ഫോടനങ്ങള്‍ നടത്താനുമുള്ള പരിശീലനത്തിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് കൊണ്ട് പോയി എന്ന കുറ്റമാണ് താഹിറിനെതിരെ കണ്ടെത്തിയിരുന്നത്. ആയുധങ്ങളും സ്ഫോടന വസ്ത്തുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി, മുംബൈയില്‍ നടന്ന ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയായി എന്നീ കുറ്റങ്ങളാണ് ഫിറോസ്ഖാനെതിരെ ഉള്ളത്. അധോലോക നായകന്‍ അബൂ സലീമിനും, ടൈംഗര്‍ മേമന്റെ മുഖ്യ കൂട്ടാളിയായിരുന്ന കലീമുള്ളക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

ദാവൂദ് ഇബ്രാഹിമിന് വേണ്ടി ഗുജ്റാത്തിലെ ബറൂച്ചില്‍ നിന്നും മുംബൈയിലേക്ക് ആയുധങ്ങള്‍ എത്തിച്ചത് അബൂ സലീമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പോര്‍ച്ചുഗലുമായി ഇന്ത്യ ഒപ്പുവെച്ച കുറ്റവാളി കൈമാറ്റക്കരാറില്‍‍, വധശിക്ഷ നല്‍കില്ലെന്ന ഉറപ്പുള്ളതിനാല്‍, അബൂസലീമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നില്ല.

എന്നാല്‍ ടൈഗര്‍ മേമന്റെ പ്രധാന കൂട്ടാളിയും, ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയുമായ കലീമുള്ളക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ജീവപര്യന്തം നല്‍കിയത്. അബൂസലീമിന് ബറൂച്ചിലേക്ക് വാഹനവും പണവും എത്തിച്ചുവെന്ന കുറ്റത്തിന് പത്ത് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് റിയാസ് സിദ്ധീഖിക്ക് നല്‍കിയിരിക്കുന്നത്.