LiveTV

Live

National

ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍; ത്രിപുരയില്‍ ബിജെപി അക്കൌണ്ട് തുറക്കുന്നു

ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍;  ത്രിപുരയില്‍ ബിജെപി അക്കൌണ്ട് തുറക്കുന്നു
Summary
ഇടത് പാര്‍ട്ടികളുടെ ചെങ്കോട്ടയായ ത്രിപുര നിയമസഭയില്‍ ബിജെപി അക്കൌണ്ട് തുറക്കുന്നു.

ഇടത് പാര്‍ട്ടികളുടെ ചെങ്കോട്ടയായ ത്രിപുര നിയമസഭയില്‍ ബിജെപി അക്കൌണ്ട് തുറക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ നിര്‍ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട്ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിമാറിയത്. തൃണമൂല്‍ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടിമാറ്റം. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

60 അംഗ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 50 ഉം കോണ്‍ഗ്രസിന് 4ഉം എംഎല്‍എമാരാണുള്ളത്. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ബിജെപിക്ക് എംഎല്‍എമാരില്ല. ആറ് എംഎല്‍എമാര്‍ ബിജെപി പക്ഷത്ത് എത്തിയതോടെ മുഖ്യപ്രതിപക്ഷമായി ബിജെപി മാറും. ഒറ്റയടിക്ക് ആറ് എംഎല്‍എമാരെ ലഭിച്ചത് വന്‍ റാലി നടത്തി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം.

കൂറുമാറിയ എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെ ഇവരെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാരുടെ പാര്‍ട്ടി മാറ്റം നിര്‍ണായകമാണ്.