LiveTV

Live

National

തമിഴ്‍നാട്ടില്‍ കഴിഞ്ഞ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ മുന്നൂറിലധികം

തമിഴ്‍നാട്ടില്‍ കഴിഞ്ഞ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ മുന്നൂറിലധികം
Summary
കര്‍ഷകരുടെ അറിവില്ലായ്മയും അന്ധവിശ്വാസവും ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍

മുന്നൂറിലധികം കര്‍ഷകരാണ് തമിഴ്‍നാട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. വെള്ളമില്ലാതെ വിളകള്‍ കരിഞ്ഞുണങ്ങിയത് താങ്ങാനാവാതെയാണ് അവര്‍ ജീവനൊടുക്കിയത്. എന്നാല്‍ തമിഴ്‍നാട് സര്‍ക്കാരിന്റെ കണക്കില്‍ അമ്പതില്‍ താഴെ ആത്മഹത്യകള്‍ മാത്രമാണുള്ളത്. കര്‍ഷകരുടെ അറിവില്ലായ്മയും അന്ധവിശ്വാസവും ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍.

കീഴ്‌വേലൂരിലെ ഇക്കണ്ട നിലങ്ങളിലൊന്നില്‍ അരനൂറ്റാണ്ടിലധികം അധ്വാനിച്ച് ജീവിച്ചതാണ് കലൈപെരുമാളെന്ന കര്‍ഷകന്‍. കാവേരി വെള്ളമില്ല, മഴ പെയ്ത കാലം മറന്നു. എങ്കിലും ആറുകള്‍ വീണ്ടും നിറയുമെന്നും മഴ വരുമെന്നുമുള്ള പ്രതീക്ഷയില്‍ കഴിഞ്ഞ വര്‍ഷവും വിത്തെറിഞ്ഞു. പക്ഷെ വിധി കൊയ്തെടുത്തത് ആ അറുപത്തേഴുകാരന്റെ ജീവനാണ്. വിഷം കഴിച്ച് കരിഞ്ഞ പാടത്തിന് നടുവില്‍ മരിച്ചുവീണു. ആത്മഹത്യയെങ്കില്‍ പൊലീസിന്റെ നൂലാമാലകള്‍. അതിനെക്കാള്‍ ഭയമാണ് പോസ്റ്റ്മോര്‍ട്ടം എന്ന ഏര്‍പാടിനോട്. മരിച്ച മനുഷ്യനെ വീണ്ടും കീറിമുറിക്കുന്നത് ഇവരുടെ വിശ്വാസത്തിനെതിരാണ്. അതിനാല്‍ തളര്‍ന്ന് വീണ് മരിച്ചെന്നാണ് ഇവര്‍ പുറത്തുപറയുക.

അതുകൊണ്ട് തന്നെ 66 കര്‍ഷക ആത്മഹത്യകള്‍ നടന്ന നാഗപട്ടണം ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രണ്ട് എഫ് ഐ ആറുകള്‍ മാത്രം. സര്‍ക്കാരാകട്ടെ കൂടുതല്‍ അന്വേഷണത്തിന് മെനക്കെടുന്നുമില്ല.