LiveTV

Live

National

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടി അമേരിക്ക; സിമി പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയപ്രേരിതം

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടി അമേരിക്ക; സിമി പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയപ്രേരിതം
Summary
ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി അമേരിക്ക. ഇന്ത്യയില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാട്ടുന്നതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി അമേരിക്ക. ഇന്ത്യയില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാട്ടുന്നതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരായ പൊലീസ് കേസും മധ്യപ്രദേശില്‍ ഏറ്റുമുട്ടലില്‍ എട്ടു സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതും റിപ്പോര്‍ട്ടിലുണ്ട്. സിമി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ ആക്രമണമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭോപ്പാല്‍ ജയിലില്‍ നിന്നു രക്ഷപെട്ട എട്ടു സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരേ സ്ഥലത്തു വെച്ച് തന്നെ ഏറ്റുമുട്ടി കൊലപ്പെടുത്തിയെന്ന പൊലീസ് റിപ്പോര്‍ട്ടിനെയും ഇതിനെ കണ്ണടച്ച് അംഗീകരിച്ച സര്‍ക്കാര്‍ നടപടിയെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടി അമേരിക്ക; സിമി പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയപ്രേരിതം

‘ഹ്യൂമണ്‍ റൈറ്റ്‌സ് പ്രാക്ടീസസ് ഇന്‍ ഇന്ത്യ 2016’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്ക രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്. മധ്യപ്രദേശിലെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി കുറ്റപ്പെടുത്തുന്നു. വ്യാപം കുഭകോണം സര്‍ക്കാരിന്റെ അഴിമതിയും സുതാര്യതയില്ലായ്മയും തുറന്നുകാട്ടുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസും സുരക്ഷാ സേനയും നടത്തുന്ന അധികാരപരിധിക്ക് പുറത്തുള്ള നടപടികളെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പീഡനം, ബലാത്സംഗം, അഴിമതി, ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിലെ അലംഭാവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നിയമനടപടികളുടെ നൂലാമാലകളില്‍ ചുറ്റി നിരപരാധികള്‍ വിചാരണക്കാലയളവ് എന്ന പേരില്‍ ദീര്‍ഘകാലം ജയിലില്‍ ജീവിതം ഹോമിക്കുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും എതിരായ പൊലീസ് നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിന്റെ ‘ലോയേഴ്‌സ് കലക്ടീവ്’ ഉള്‍പ്പെടെ 25 എന്‍ജിഒകളെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയ നടപടിയെയും ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കി നല്‍കാത്തതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്.