LiveTV

Live

National

കനത്ത സുരക്ഷയില്‍ കുടകില്‍ ടിപ്പു ജയന്തി ആഘോഷം

കനത്ത സുരക്ഷയില്‍ കുടകില്‍ ടിപ്പു ജയന്തി ആഘോഷം
Summary
കഴിഞ്ഞ വര്‍ഷത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പ്രദേശത്ത് അഞ്ച് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ കുടകില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം. ടിപ്പു ജയന്തി ആഘോഷിക്കാനുളള തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് ടിപ്പു ജയന്തി വിരുദ്ധ പോരാട്ട സമിതി കുടക് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പ്രദേശത്ത് അഞ്ച് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കര്‍ണ്ണാടക സര്‍ക്കാറിന്റെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഇത്തവണയും പ്രതിഷേധവുമായി എത്തിയതോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കുടകില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ടിപ്പു ജയന്തി വിരുദ്ധ പോരാട്ട സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. മൈസൂര്‍ വെസ്റ്റ് ഐ.ജി ബി.കെ സിംങിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മടിക്കേരി, സോമവാര്‍ പേട്ട, കുശാല്‍ നഗര്‍, വീരാജ്‌പേട്ട, നാപോക്ക്, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ അഞ്ച് കമ്പനി സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ജില്ലയിലെ മദ്യഷാപ്പുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേ ശം നല്‍കി. അതിര്‍ത്തികളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി. വീരാജ്‌പേട്ട, സോമവാര്‍പേട്ട, മടിക്കേരി കോട്ടൈ ഹാള്‍ എന്നിവിടങ്ങളിലാണ് ടിപ്പു ജയന്തി ആഘോഷപരിപാടികള്‍ നിശ്ചയിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷം ടിപ്പുജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.