LiveTV

Live

National

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം 
Summary
വിവരാവകാശ നിയമത്തിലെ വകുപ്പ് 8ല്‍ 1 ലെ ഒന്നാം ഉപവകുപ്പ് പ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് മറുപടിയില്‍ വിശദീകരിച്ചു...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചത്. റിലയന്‍സിന്റെ താല്‍പര്യപ്രകാരമാണ് ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറെ നിയമിക്കാനുള്ള സമിതിയുടെ യോഗങ്ങളുടെ മിനിട്ട്‌സ് പകര്‍പ്പുകള്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ അപേക്ഷയാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇതെല്ലാം മന്ത്രിസഭാരേഖകളാണെന്നും അതിനാല്‍ പരസ്യമാക്കാനാവില്ലെന്നുമാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് മറുപടി നല്‍കിയത്. വിവരാവകാശ നിയമത്തിലെ വകുപ്പ് 8ല്‍ 1 ലെ ഒന്നാം ഉപവകുപ്പ് പ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് മറുപടിയില്‍ വിശദീകരിച്ചു.

മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ച, പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക മേഖലാ നിയന്ത്രണ നിയമന സമിതിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറെയും ഡെപ്യൂട്ടി ഗവര്‍ണറെയും നിയമിക്കുന്നതെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് മറുപടിയില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ആഗസ്ത് 20ന് തെരഞ്ഞെടുക്കപ്പെട്ട ഉര്‍ജിത് പട്ടേല്‍ നേരത്തെ റിലയന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും മുകേഷ് അംബാനിയുടെ താല്പര്യ പ്രകാരമാണ് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.