LiveTV

Live

National

ജിന്ന വിവാദം: അലിഗഡില്‍ ഇന്‍റര്‍നെറ്റിന് വിലക്ക്

ജിന്ന വിവാദം: അലിഗഡില്‍ ഇന്‍റര്‍നെറ്റിന് വിലക്ക്
Summary
അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ ജിന്ന വിവാദത്തിനിടെ ജില്ലയില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ ജിന്ന വിവാദത്തിനിടെ ജില്ലയില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഇന്ന് ഉച്ച മുതല്‍ രാത്രി വരെയാണ് അലിഗഡ് ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിലക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്.

കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൌതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.

ജിന്നയുടെ ചിത്രം 1938 മുതല്‍ യൂണിവേഴ്സിറ്റിയുടെ ചുവരിലുണ്ട്. ജിന്നയ്ക്ക് പുറമെ മഹാത്മാഗാന്ധി, ഡോ ബി ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, സരോജിനി നായിഡു തുടങ്ങി ഇന്ത്യാ വിഭജനത്തിന് മുന്‍പ് സര്‍വകലാശാല സന്ദര്‍ശിച്ച നേതാക്കളുടെ ചിത്രങ്ങള്‍ ചുവരില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലറുടെ വക്താവ് വ്യക്തമാക്കി.