LiveTV

Live

National

തന്നെ അമ്മയായി കാണണം; വിദ്യാര്‍ഥികള്‍ക്ക്‌ പശുവിന്റെ കത്ത്‌

തന്നെ അമ്മയായി കാണണം; വിദ്യാര്‍ഥികള്‍ക്ക്‌ പശുവിന്റെ കത്ത്‌
Summary
രാജസ്ഥാനിലെ അഞ്ചാംക്ലാസ്‌ പാഠപുസ്‌തകത്തിലൂടെയാണ്‌ പശു കത്തെഴുതിയിരിക്കുന്നത്‌.
തന്നെ അമ്മയായി കാണണം; വിദ്യാര്‍ഥികള്‍ക്ക്‌ പശുവിന്റെ കത്ത്‌

തന്നെയും അമ്മയായി കാണണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ പശുവിന്റെ കത്ത്‌. രാജസ്ഥാനിലെ അഞ്ചാംക്ലാസ്‌ പാഠപുസ്‌തകത്തിലൂടെയാണ്‌ പശു കത്തെഴുതിയിരിക്കുന്നത്‌.

വസുന്ധര രാജെ സിന്ധെയുടെ ഭരണത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ അടുത്താണ്‌ സംസ്ഥാനത്തെ പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ചത്‌. പശുസംരക്ഷണത്തിന്‌ വേണ്ടി പ്രത്യേക മന്ത്രാലയം തന്നെയുള്ള സംസ്ഥാനമാണ്‌ രാജസ്ഥാന്‍.

രാജസ്ഥാനിലെ അഞ്ചാംക്ലാസ്‌ ഹിന്ദി പാഠപുസ്‌തകത്തിലാണ്‌ പശുവിന്റെ കത്തുള്ളത്‌. കത്തിനൊപ്പം ഗോമാതാവായി ചിത്രീകരിച്ചിട്ടുള്ള പശുവിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്‌. തന്നെ മാതാവായി പരിഗണിച്ചാല്‍ മനുഷ്യനുള്ള ഗുണങ്ങളാണ്‌ കത്തിലൂടെ പറയുന്നത്‌.

എന്റെ പ്രിയപ്പെട്ട മകനേ, മകളേ എന്ന്‌ അഭിസംബോധന ചെയ്‌താണ്‌ കത്ത്‌ തുടങ്ങുന്നത്‌. ഞാന്‍ എല്ലാ മനുഷ്യരെയും ശക്തിയുള്ളവരാക്കുന്നു, ബുദ്ധിയുള്ളവരാക്കുന്നു, ആയുസ്സ്‌ നല്‍കുന്നു, ആരോഗ്യവും സന്തോഷവും ഐശ്വര്യവും നല്‍കുന്നു. എന്നെ മാതാവായി ആര്‌ പരിഗണിക്കുന്നുവോ അവരെ ഞാന്‍ എന്റെ കുഞ്ഞുങ്ങളെപ്പോലെ പ്രണയിക്കും - കത്തിലൂടെ പശു പറയുന്നു.

പിന്നെ താന്‍ സമൂഹത്തിന്‌ നല്‍കിയ സംഭാവനകളെ കുറിച്ചാണ്‌ കത്തിലൂടെ പശു പറയുന്നത്‌. പാലും വെണ്ണയും നെയ്യും ഞാന്‍ സമൂഹത്തിന്‌ നല്‍കുന്ന അമൃതാണ്‌. എന്റെ മൂത്രവും ചാണകവും ഒരേ സമയം മരുന്നും വളവും കീടനാശിനിയുമാണ്‌. എന്റെ മക്കളും കാളകളും കൃഷിപ്പണിയില്‍ നിങ്ങള്‍ക്ക്‌ സഹായികളാകുന്നു. എന്റെ ശ്വസനം പോലും അന്തരീക്ഷത്തെ ശുദ്ധിയാക്കുന്നു... കത്ത്‌ പറയുന്നു.
പശുവിനെ കുറിച്ച്‌ കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ ഇത്തരമൊരു പാഠഭാഗം കൊണ്ട്‌ ലക്ഷ്യം വെക്കുന്നുള്ളുവെന്നാണ്‌ പശുസംരക്ഷണവകുപ്പ്‌ മന്ത്രി ഉത്ത്‌റാം ദേവസി നല്‍കുന്ന വിശദീകരണം. അതുകൊണ്ടുതന്നെ ഈ പാഠഭാഗത്തുനിന്ന്‌ പരീക്ഷയ്‌ക്ക്‌ ചോദ്യങ്ങളൊന്നും ഉണ്ടാകില്ലെന്നും അധികൃതര്‍ പറയുന്നു.