LiveTV

Live

National

അസംതൃപ്തരുടെ കൂടാരമായി എന്‍ഡിഎ

അസംതൃപ്തരുടെ കൂടാരമായി എന്‍ഡിഎ
Summary
ഒറ്റക്ക് ഭൂരിപക്ഷമുണ്ടെന്നതിനാല്‍ തന്നെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ബിജെപി പാടെ അവഗണിക്കുന്നുവെന്ന പരാതിയുള്ളവരാണ് മിക്കവരും.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി അസംതൃപ്തരുടെ കൂടാരമാകുന്നു. ഒറ്റക്ക് ഭൂരിപക്ഷമുണ്ടെന്നതിനാല്‍ തന്നെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ബിജെപി പാടെ അവഗണിക്കുന്നുവെന്ന പരാതിയുള്ളവരാണ് മിക്കവരും. ടിഡിപി മുന്നണി വിട്ടതോടെ പരസ്യമായി തന്നെ പലപാര്‍ട്ടികളും ബിജെപിയുടെ സമീപനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

ചെറുപാര്‍ട്ടികളേയും പ്രാദേശികകക്ഷികളേയും കൂട്ടുപിടിച്ചാണ് 2014 ല്‍ ബിജെപി നേട്ടം കൊയ്തത്. എന്നാല്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയ ശേഷം ബിജെപി ചെറുകക്ഷികളോട് വല്ല്യേട്ടന്‍ മനോഭാവം കാണിക്കുന്നുവെന്ന പരാതി ഘടകകക്ഷികള്‍ക്കുണ്ട്. ഇപ്പോള്‍ എന്‍ഡിഎയിലുള്ള ശിവസേന, ആര്‍ എല്‍ എസ് പി, പിഡിപി, ശിരോമണി അകാലിദള്‍, തുടങ്ങിയ പാര്‍ട്ടികളെല്ലാം ബിജെപിയുടെ സമീപനത്തില്‍ അതൃപ്തരാണ്. 2019 ല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിക്കഴിഞ്ഞു. ടിഡിപി വിട്ടതോടെ പലരും പരസ്യമായി തന്നെ അതൃപ്തി അറിയിച്ചുകഴിഞ്ഞു.

എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം നല്‍കാത്തതിലാണ് അകാലിദളിന്‍റെ പ്രതിഷേധം. ജെഡിയുവിനെ ഒപ്പം ചേര്‍‍ത്തത് ആര്‍ എല്‍ എസ് പിയേയും ചൊടിപ്പിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയെ ചൊല്ലിയാണ് പിഡിപി ബിജെപിയോട് ഇടയുന്നത്. പുതുതായി വന്ന ജെഡിയുമായി തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ബിഹാറിലെ സീറ്റുകളെ ചൊല്ലിയും തര്‍ക്കത്തിനുള്ള സാധ്യതയേറെയാണ്.