LiveTV

Live

National

തേനി കാട്ടുതീ അപകടം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

തേനി കാട്ടുതീ അപകടം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
Summary
സംഭവത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു

തേനിയിലെ കാട്ടുതീ അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് സർക്കാർ. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗിനെ കുറിച്ചും അന്വേഷിക്കും. തേനി തീപിടുത്തത്തില്‍ ഉള്‍പ്പെട്ട് മധുരയിലെ ആശുപത്രികളില്‍ കഴിയുന്ന 7 പേരുടെയും നില ഗുരുതരമായി തുടരുകയാണ്.

അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ ഉള്ളവർക്കും മുഴുവൻ സഹായവും വാഗ്ദാനം ചെയ്യ്ത സർക്കാർ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്. കാട്ടുതീ ഉണ്ടാകാനുള്ള സഹചര്യം, അനധികൃത ട്രെക്കിംഗ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയാകും പ്രധാന അന്വേഷണ വിഷയങ്ങൾ.

ചെന്നൈയില്‍ നിന്നുള്ള ട്രെക്കിംഗ് ക്ലബ് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്ലബിനെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. വനമേഖലയിൽ ട്രെക്കിംഗ് നിരോധിച്ച കേരള സർക്കാരിന്റെ നിലപാട് തമിഴ്‍നാടാ സർക്കാരും പിൻതുടർന്നേക്കും. അനധികൃത ട്രെക്കിംഗ് സംബന്ധിച്ചുള്ള അന്വേഷണം കേരളവുമായി സഹകരിച്ച് നടത്തുന്നതിനെക്കുറിച്ചും തമിഴ്‍നാട് ആലോചിക്കുന്നുണ്ട്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. തേനി ജില്ലാ ഭരണകൂടത്തിനായിരിക്കും പ്രാഥമിക അന്വേഷണത്തിന്റെ ചുമതല.

അപകടത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ 17 പേരാണ് മധുര മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സയിലുള്ളത്. ഇവരില്‍ ഏഴ് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയിലാണ്.

കൊരങ്ങിണി മലയില്‍ വ്യാപിച്ച കാട്ട് തീ ഇന്നലെ രാത്രിയിലും മലയുടെ പലയിടങ്ങളിലും പടര്‍ന്നിട്ടുണ്ട്. ചാലക്കുടി പരിയാരം റേഞ്ചിലുള്ള പിള്ളപ്പാറയിലും അതിരപ്പിള്ളി റേഞ്ചിലെ വടാമുറിയിലും മലനിരകളിൽ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. പകുതിയിലധികം പ്രദേശങ്ങളിലെ തീ അണച്ചു . വനം വകുപ്പില്‍ നിന്നുള്ള 80 അംഗ സംഘമാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.

കൊന്നക്കുഴിയ്ക്കു ചായ്‍പ്പൻകുഴിയ്ക്കും മധ്യേയുള്ള കൊടപ്പൻക്കല്ലിലെ കാട്ടുതീ പൂർണമായും കെടുത്തി. വടാമുറിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീയിൽ 30 ഹെക്ടർ അടിക്കാടാണ് കത്തിയത്. പിള്ളപ്പാറയിലും വടാമുറിയിലും ആരോ തീയിട്ടതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. നിലവിൽ പടരുന്ന കാട്ടു തീ അണയ്ക്കാൻ സന്നദ്ധ സംഘടനകളുടെ പ്രവർത്തകരോടും നാട്ടുകാരോടും വനം വകുപ്പ് ഉദ്യോഗസ്ഥർ സഹായം തേടി .