LiveTV

Live

National

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപ പിഴ; പൊലീസുകാരുടെ പെറ്റിയടിക്കലില്‍ കുടുങ്ങി യാത്രക്കാരന്‍

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപ പിഴ; പൊലീസുകാരുടെ പെറ്റിയടിക്കലില്‍ കുടുങ്ങി യാത്രക്കാരന്‍
Summary
എന്നാല്‍ ഇതുവരെ രാജ്യത്ത് ഒരിടത്തും കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമം വന്നിട്ടില്ല

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിയമമുണ്ട്. ചില സംസ്ഥാനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഇതുവരെ രാജ്യത്ത് ഒരിടത്തും കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമം വന്നിട്ടില്ല. എന്നാല്‍ കാര്‍ ഡ്രൈവറില്‍ നിന്ന് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴയീടാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ഭാരത്പൂര്‍ പൊലീസ്.

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപ പിഴ; പൊലീസുകാരുടെ പെറ്റിയടിക്കലില്‍ കുടുങ്ങി യാത്രക്കാരന്‍

ഖരേര ഗ്രാമവാസിയായ വിഷ്ണു ശര്‍മയാണ് പൊലീസിന്റെ വിചിത്ര പിഴയിടലിന് ഇരയാകേണ്ടി വന്നത്. ആഗ്രയില്‍ നിന്ന് ഭാരത്പൂരിലേക്ക് വാനില്‍ പോകുകയായിരുന്നു വിഷ്ണു. ഇതിനിടെ ഉച്ച നനംഗല പൊലീസ് പിക്കറ്റില്‍ വിഷ്ണുവിന്റെ വാഹനം പൊലീസ് തടഞ്ഞു. ഉടന്‍ തന്നെ ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപയുടെ പിഴയും എഴുതിക്കൊടുത്തു. കോണ്‍സ്റ്റബിള്‍ പ്രഹളാദ് സിങാണ് ഈ വിചിത്ര നടപടിക്ക് പിന്നില്‍. സംഭവം വിവാദമായതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയിടേണ്ടിയിരുന്നതെന്നും എന്നാല്‍ ചെല്ലാനില്‍ എഴുതിയപ്പോള്‍ അത് ഹെല്‍മറ്റ് ധരിക്കാത്തതിന് എന്നായി പോയതാണെന്നുമാണ് പ്രഹളാദിന്റെ വിശദീകരണം. ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഗംഭീര്‍ സിങാകട്ടേ, താന്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്നും സംഭവത്തേക്കുറിച്ച് അന്വേഷിക്കാമെന്നും പറഞ്ഞു.

സംഭവത്തേക്കുറിച്ച് വിഷ്ണു പറയുന്നതിങ്ങനെ: ''ഞാന്‍ ഭാരത്പൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഔട്ട്പോസ്റ്റില്‍ പൊലീസ് എന്റെ വാഹനം തടഞ്ഞത്. അവര്‍ വാഹനത്തിന്റെ രേഖകളെല്ലാം പരിശോധിച്ചു. രേഖകളൊക്കെ കൃത്യമായിരുന്നു. ഇതോടെ ഞാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നായി വാദം. എന്നാല്‍ പെറ്റിയടിക്കാനുള്ള ഈ ശ്രമം ഞാന്‍ പ്രതിരോധിച്ചു. ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നുവെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ഇതോടെ പൊലീസ് എനിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപയുടെ പിഴ എഴുതിത്തരുകയായിരുന്നു''. ഇനിയേതായാലും കാറുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ പൊലീസിന്റെ ഈ തരത്തിലുള്ള നടപടിയില്‍ കുടുങ്ങാതിരിക്കാന്‍ ഹെല്‍മറ്റും ധരിക്കാന്‍ താന്‍ തീരുമാനിച്ചെന്നും വിഷ്ണു പറഞ്ഞു.