LiveTV

Live

National

കേസ് പിന്‍വലിച്ചാലും വോട്ടു കിട്ടുമെന്ന് കരുതേണ്ട, ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ല: കര്‍ഷകരും പട്ടേല്‍ വിഭാഗവും

കേസ് പിന്‍വലിച്ചാലും വോട്ടു കിട്ടുമെന്ന് കരുതേണ്ട, ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ല: കര്‍ഷകരും പട്ടേല്‍ വിഭാഗവും
Summary
തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ വന്നുനില്‍ക്കേ വോട്ട് പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളൊക്കെയും ഗുജറാത്തില്‍ പച്ചതൊടുന്നില്ല.

തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ വന്നുനില്‍ക്കേ വോട്ട് പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളൊക്കെയും ഗുജറാത്തില്‍ പച്ചതൊടുന്നില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളൊക്കെയും പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര്‍ക്കെതിരായ കേസുകളാണ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.

കേസ് പിന്‍വലിച്ചാലും വോട്ടു കിട്ടുമെന്ന് കരുതേണ്ട, ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ല: കര്‍ഷകരും പട്ടേല്‍ വിഭാഗവും

കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 14 ന് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് കര്‍ഷകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രതിഷേധത്തിനിടെ ജില്ലാ പൊലീസ് മേധാവിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകരെ കൂടെ നിര്‍ത്താമെന്ന വ്യാമോഹത്തോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായത്. പട്ടേല്‍ വിഭാഗക്കാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു കര്‍ഷകരെ അനുനയിപ്പിക്കാന്‍ ബിജെപി തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ കേസുകള്‍ പിന്‍വലിച്ച് തങ്ങളെ പാട്ടിലാക്കാമെന്ന രാഷ്ട്രീയ തന്ത്രം ഇനി വിലപ്പോവില്ലെന്നാണ് കര്‍ഷകരും പട്ടേല്‍ വിഭാഗവും വ്യക്തമാക്കിയിരിക്കുന്നത്.

'കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം മാധ്യമങ്ങളിലൂടെയാണ് ഞങ്ങള്‍ അറിഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വശീകരണ വാഗ്ദാനം മാത്രമാണത്. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഞങ്ങള്‍ക്കുണ്ട്. അവര്‍ കേസ് പിന്‍വലിക്കുമോയെന്ന് വരെ കണ്ടറിയണം. വാക്ക് പാലിക്കുന്ന കാര്യം സംശയമാണ്. - പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 16 ദിവസം ജയിലില്‍ കഴിഞ്ഞ ശൈലേഷ് താക്കൂര്‍ പറയുന്നു. ജലസേചനത്തിനായി കനാലുകള്‍ നിര്‍മിച്ച് തരാമെന്ന് പറയാന്‍ തുടങ്ങിയിട്ട് രണ്ടു ദശകം കഴിഞ്ഞു. ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് പറയുന്നത്. ആദ്യം ഞങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ നടപ്പാക്കട്ടേ. കേസുകള്‍ പിന്‍വലിച്ചതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു. ഞങ്ങളെ പാട്ടിലാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ വഴങ്ങുമെന്ന പ്രതീക്ഷ വേണ്ട. ഇതുവരെ ഞങ്ങളുടെ പ്രദേശത്ത് ബിജെപി ഒരു റാലി പോലും സംഘടിപ്പിച്ചിട്ടില്ല. കേസ് പിന്‍വലിച്ചാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് കര്‍ഷകരിലൊരാളായ രാംജിഭായ് കൊലിപാട്ടീല്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. യഥാര്‍ഥത്തില്‍ പൊലീസാണ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ പൊലീസിനെ കര്‍ഷകര്‍ ആക്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സര്‍ക്കാരിനും താല്‍പര്യം. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് തങ്ങള്‍ക്ക് മേല്‍ ചുമത്തിയതെന്നും കര്‍ഷകര്‍ പറഞ്ഞു.