LiveTV

Live

National

ശരത് യാദവ് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ശരത് യാദവ് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി
Summary
അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ബിഹാറിലെ മഹാസഖ്യത്തില്‍ വിള്ളല്‍ വീണത്

ബിഹാര്‍ ഭരണ പ്രതിസന്ധിക്കിടെ ജെഡിയു നേതാവ് ശരത് യാദവ് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. സഖ്യകക്ഷിയായ ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ അകല്‍ച്ച രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. ബീഹാറിലെ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായി സൂചന.

അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ബിഹാറിലെ മഹാസഖ്യത്തില്‍ വിള്ളല്‍ വീണത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍‍റെ ജെഡിയുവും ആര്‍ജെഡിയും തേജസ്വിയുടെ രാജിയെ ചൊല്ലി രണ്ട് തട്ടിലായതോടെയാണ് ജെഡിയു നേതാവ് ശരത് യാദവ് മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് 40 മിനിട്ടോളും നീണ്ട കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തതു. മഹാസഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സോണിയ ശരത് യാദവിനോട് കൂടിക്കാഴ്ച്ചയ്ക്കിടെ ആവശ്യപ്പെട്ടതായാണ് സൂചന. കൂടിക്കാഴ്ച്ച സംബന്ധിച്ച് പ്രതികരിക്കാന്‍ ഇരു നേതാക്കളും തയ്യാറായില്ല. പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞദിവസം നിതീഷ് കുമാറുമായും ലാലു പ്രസാദുമായും സോണിയ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അഴിമതി കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തേജസ്വി തെളിയിക്കണമെന്നാണ് നിതീഷ് കുമാറിന്‍റെ നിലപാട്.

അതേസമയം കേസ് ബിജെപിയുടെ രാഷ്ട്രീയപകപോക്കലാണെന്നും തേജസ്വി ഒരു കാരണവശാലും രാജിവെക്കില്ലെന്നും ആര്‍ജെഡിയും വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ജെഡിയു പിന്തുണച്ചതോടെ മഹാസഖ്യത്തില്‍ വീണ വിള്ളലാണ് തേജസ്വി കേസിലൂടെ കൂടുതല്‍ രൂക്ഷമായത്.