LiveTV

Live

National

ബീഫിന്റെ പേരില്‍ തല്ലിക്കൊന്നത് കൃത്യമായ ഗൂഢാലോചനയോടെ; നേതൃത്വം നല്‍കിയത് ബിജെപി നേതാവെന്ന് പൊലീസ്

ബീഫിന്റെ പേരില്‍ തല്ലിക്കൊന്നത് കൃത്യമായ ഗൂഢാലോചനയോടെ; നേതൃത്വം നല്‍കിയത് ബിജെപി നേതാവെന്ന് പൊലീസ്
Summary
ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 45കാരനായ മുസ്‌ലിം വ്യാപാരി അസ്ഗര്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്..

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 45കാരനായ മുസ്‌ലിം വ്യാപാരി അസ്ഗര്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. ബിജെപി രാംഗഡ് ജില്ലാ മീഡിയാ ഇന്‍ ചാര്‍ജ് ദീപക് മിശ്രക്കും പങ്കുള്ളതായും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും സംഭവത്തിന് മണിക്കൂറുകള്‍ മുമ്പേ മുതല്‍ പ്രതികള്‍ അന്‍സാരിയെ പിന്തുടര്‍ന്നിരുന്നതായും പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബീഫിന്റെ പേരില്‍ തല്ലിക്കൊന്നത് കൃത്യമായ ഗൂഢാലോചനയോടെ; നേതൃത്വം നല്‍കിയത് ബിജെപി നേതാവെന്ന് പൊലീസ്

ദീപക് മിശ്രയും മറ്റൊരു പ്രധാനപ്രതിയായ ഛോട്ടുവർമയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുതായി ഇവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. ജൂലായ് 3നാണ് മിശ്രയും വർമയും പോലീസിൽ കീഴടങ്ങിയത്. ഇരുവര്‍ക്കും ഗോരക്ഷക് സമിതിയുമായി ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 7.30ന് ചിത്രപൂര്‍ ചന്തയില്‍ നിന്നും അന്‍സാരി ഇറച്ചി വാങ്ങുന്നത് അക്രമികളിലൊരാളും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനുമായ രാജ്കുമാര്‍ കണ്ടിരുന്നു. ഇത് ബീഫാണെന്ന് ഉറപ്പിച്ച ഇയാള്‍ ഗോരക്ഷാ സേനയിലെ അഞ്ച് അംഗങ്ങളെ വിവരം അറിയിച്ചു. തുടര്‍ന്ന് രാംഗറിൽ നിന്നും 15കിലോമീറ്റർ അകലെയുള്ള ഈ ചന്തയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അസ്ഗർ അൻസാരിയെ രാജ്കുമാര്‍ പിന്തുടര്‍ന്നു. രണ്ടു മണിക്കൂറോളം അൻസാരിയെ പിന്തുടർന്ന ഇയാള്‍ മറ്റുള്ളവര്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. അന്‍സാരി ബസാര്‍ തണ്ടിലെത്തിയതോടെ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് അവിടെ കൂടിയിരുന്ന പ്രതികള്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് അന്‍സാരിയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100ഓളം വരുന്ന ഗോരക്ഷക്കാരുടെ സഹായത്തോടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കേസില്‍ 12 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ ചോട്ടു വര്‍മ, സന്തോഷ് സിങ്, ദീപക് മിശ്ര, രാജ്കുമാര്‍, ചോട്ടു റാണ എന്നീ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോയുള്‍പ്പെടെ 4 ബജ്റംഗ്ദള്‍ നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ ചൗധരി പറഞ്ഞു.