LiveTV

Live

National

താന്‍ രൂപീകരിച്ച പാര്‍ട്ടില്‍ ഒറ്റപ്പെട്ട് മുലായം സിങ്

താന്‍ രൂപീകരിച്ച പാര്‍ട്ടില്‍ ഒറ്റപ്പെട്ട് മുലായം സിങ്
Summary
അഖിലേഷ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കാലം മുതല്‍ തന്നെ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങള്‍ മുഴുവന്‍ കയ്യാളിയിരുന്ന അമ്മാവന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഖിലേഷ് വാളെടുത്തിരുന്നു

25 വര്‍ഷം മുമ്പ് താന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും തഴയപ്പെട്ടിരിക്കുകയാണ് മുലായം സിങ്. മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ കുടുംബസ്വത്തായി നിലനിന്നിരുന്ന സമാജ്വാദി പാര്‍ട്ടിക്ക് പുതിയമുഖം കൈവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയായി 5 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്പ് പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാന്‍ അഖിലേഷിനായി

അഖിലേഷ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കാലം മുതല്‍ തന്നെ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങള്‍ മുഴുവന്‍ കയ്യാളിയിരുന്ന അമ്മാവന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഖിലേഷ് വാളെടുത്തിരുന്നു. ഇത്രകാലവും മുലായത്തിന്റെ സംരക്ഷണയിലായിരുന്നു ഇവര്‍ അധികാരസ്ഥാനങ്ങള്‍ കൈയ്യാളിയിരുന്നത്. തന്റെ വിശ്വസ്തരെ അഖിലേഷ് പാര്‍ട്ടിയില്‍ തഴയാനുള്ള നീക്കം തടയാനാണ് അഖിലേഷിനെ മാറ്റി ശിവാപാലിന് സംസ്ഥാനഅധ്യക്ഷ പദവി നല്‍കാന്‍ മുലായം തീരുമാനിച്ചത്. ശിവ്പാല്‍ യാദവിന്റെ നേതൃത്വത്തില്‍ അഖിലേഷിനെ പിന്തള്ളി അധികാരം പിടിക്കാനുള്ള ശ്രമം ആരംഭിച്ചതോടെ പാര്‍ട്ടിയിലെ യുവനിരയെ രംഗത്തിറക്കി അഖിലേഷ് പാര്‍ട്ടിയില്‍ പടനയിച്ചു. എംഎല്‍എമാരെ മുഴുവന്‍ തന്റെ കീഴില്‍ അണിനിരത്താന്‍കൂടി കഴിഞ്ഞതോടെയാണ് അഖിലേഷ് നേരിട്ടുള്ള പോരിന് ഇറങ്ങി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്ന അമര്‍സിങിനെ തിരിച്ചെടുത്ത നീക്കവും ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരിയുടെ ഖൗമി ഏക്താ ദളിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ തീരുമാനവും അഖിലേഷ് ആയുധമാക്കി, പിന്നീട് കഴിഞ്ഞ മൂന്നുമാസക്കാലും ശിവ്പാല്‍ അഖിലേഷ് പോരാണ് നടന്നത്. ശിവ്പാലിന് മുലായം പിന്തുണപ്രഖ്യാപിച്ചതോടെ ശിവ്പാലിനെയും വിശ്വസ്തരെയും അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഒടുവില്‍ അഖിലേഷ് യാദവ് പക്ഷത്തെ പ്രമുഖരെ വെട്ടി മുലായം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ പുതിയ പട്ടിക പ്രഖ്യാപിച്ച് അഖിലേഷ് മുലായത്തെ വെല്ലുവിളിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി മുലായം പ്രഖ്യാപിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയെയും ഭരണത്തെയും തന്റെ ഭാഗത്താക്കി ശക്തിതെളിയിച്ച അഖിലേഷിനെ മുലായത്തിന് തിരിച്ചെടുക്കേണ്ടി വന്നു. തിരിച്ചെടുത്ത് 12 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്പ് തന്നെ മുലായം സിങ് പക്ഷത്തെ പ്രമുഖരെ മുഴുവന്‍ അഖിലേഷ് വെട്ടിനിരത്തി. പാര്‍ട്ടി സ്ഥാപകനേതാവ് കൂടിയ മുലായത്തെ ഉപദേശകവേഷത്തിലെക്ക് ഒതുക്കി. യുവനേതാക്കളെ അണിനിരത്തി സമാജ് ‌വാദി പാര്‍ട്ടിയെ കുടുംബപാര്‍ട്ടി എന്ന ലേബലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഖിലേഷിനായി എന്നാണ് വിലയിരുത്തല്‍.