LiveTV

Live

National

ഗുരുഗ്രാമിലെ വിദ്യാര്‍ത്ഥി കൊലപാതകം; പ്രതിഷേധം ശക്തം

ഗുരുഗ്രാമിലെ വിദ്യാര്‍ത്ഥി കൊലപാതകം; പ്രതിഷേധം ശക്തം
Summary
വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്‍റർനാഷണൽ സ്കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ ടാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റയാൻ ഇന്‍റർനാഷണൽ സ്കൂളിലേക്ക് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ബിയർ-വൈൻ ഷോപ്പ് കത്തിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ടത്.

വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്‍റർനാഷണൽ സ്കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ ടാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നൂറുകണക്കിന് രക്ഷിതാക്കള്‍ സ്കൂള്‍ പരിസരത്ത് തടിച്ചുകൂടിയത്.

നാട്ടുകാരും രക്ഷിതാക്കളും നടത്തിയ മാർച്ച് അക്രമാസക്തമാവുകയും ബിയർ-വൈൻ ഷോപ്പ് കത്തിക്കുകയും ചെയ്തതോടെ പൊലീസ് ലാത്തി വീശി. സംഭവത്തില്‍ സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തത് മാനേജ്മെന്‍റിന്‍റെ മുഖം രക്ഷിക്കാനാണെന്നും മനപൂര്‍വം പ്രതിചേര്‍ക്കുകയായിരുന്നുവെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ നടപടിയുണ്ടാകുമെന്ന് ഹരിയാന വിദ്യാഭ്യാസമന്ത്രി രാം വിലാസ് ശര്‍മ വ്യക്തമാക്കി. ഇതിനിടെ ഡല്‍ഹി ഷഹദാര ടാഗൂര്‍ പബ്ളിക് സ്കൂളിലെ അഞ്ചുവയസുകാരിയെ സ്കൂള്‍ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തില്‍ 40 വയസ്സുകാരനായ വികാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട ഡല്‍ഹി സര്‍ക്കാര്‍ 3 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.