LiveTV

Live

National

യുവതിയെ അപമാനിക്കാന്‍ ശ്രമം; ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാന്‍ പൊലീസ് വഴിയൊരുക്കുന്നു

യുവതിയെ അപമാനിക്കാന്‍ ശ്രമം; ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാന്‍ പൊലീസ് വഴിയൊരുക്കുന്നു
Summary
പിടിയിലായത് ബിജെപി നേതാവിന്റെ മകനാണെന്ന് ബോധ്യമായതോടെയാണ് പൊലീസ് ഒത്തുതീര്‍പ്പ് എന്ന നിലയിലേക്ക് താഴ്‍ന്നത്.

രാത്രി വീട്ടിലേക്ക് വാഹനമോടിച്ച് പോകുകയായിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ പിന്തുടരുകയും വാഹനം തടഞ്ഞ് നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ വികാസ് ബാരലയെ രക്ഷിക്കാന്‍ പൊലീസ് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

യുവതിയെ അപമാനിക്കാന്‍ ശ്രമം; ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാന്‍ പൊലീസ് വഴിയൊരുക്കുന്നു

പിടിയിലായത് ബിജെപി നേതാവിന്റെ മകനാണെന്ന് ബോധ്യമായതോടെയാണ് പൊലീസ് ഒത്തുതീര്‍പ്പ് എന്ന നിലയിലേക്ക് താഴ്‍ന്നത്. എന്നാല്‍ പരാതിയില്‍ യുവതിയും പിതാവായ ഐഎഎസ് ഉദ്യോഗസ്ഥനും ഉറച്ചുനിന്നതോടെയാണ് കേസ് എടുത്തത്. എന്നാല്‍ വികാസിനെതിരെ പരാതിയില്‍ പറയുന്ന വിധത്തിലുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തുന്നതിന് പകരം നിസാര വകുപ്പുകള്‍ ചുമത്തി അപ്പോള്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

ശനിയാഴ്ച രാത്രിയായിരുന്നു വികാസിനെയും സുഹൃത്തിനെയും ഛണ്ഡീഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വാഹനത്തില്‍ പിന്തുടരുകയും വഴിയില്‍ ഒന്നിലേറെ തവണ തടയുകയും ചെയ്ത ഇവര്‍ ഒരു ഘട്ടത്തില്‍ യുവതിയുടെ വാഹനത്തിന്റെ വാതില്‍ തുറക്കാനും ശ്രമിച്ചു. ഇതിനിടെയാണ് അക്രമികളെ പൊലീസ് പിടികൂടിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 365, 511 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വികാസിനും സുഹൃത്തിനുമെതിരെ കേസെടുത്തത്. എന്നാല്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പിന്നീട് കുറ്റാരോപിതന്റെ രാഷ്ട്രീയ സ്വാധീനം തിരിച്ചറിഞ്ഞതോടെ പൊലീസ് മുക്കുകയായിരുന്നു.

സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നല്‍കുന്നതിന് വേണ്ടി നിസാരമായ വകുപ്പുകള്‍ ചേര്‍ന്ന് കേസെടുക്കാന്‍ പൊലീസ് തീരുമാനിക്കുകയും ഗുരുതര വകുപ്പുകള്‍ ഒഴിവാക്കുകയുമായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഗുരുതര വകുപ്പുകള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ വികാസിനെ സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിടാന്‍ പൊലീസിന് അധികാരമുണ്ടാകുമായിരുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിന് അടിമപ്പെട്ട് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നിയമ വിദഗ്ധര്‍ ആരോപിച്ചു.