LiveTV

Live

National

"കലാപത്തിന് പിന്നില്‍ പുറത്തുനിന്നു വന്നവര്‍, ഞങ്ങളിവിടെ ജീവിക്കുന്നത് ഒരുമയോടെ": ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് ഗ്രാമീണര്‍

"കലാപത്തിന് പിന്നില്‍ പുറത്തുനിന്നു വന്നവര്‍, ഞങ്ങളിവിടെ ജീവിക്കുന്നത് ഒരുമയോടെ": ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് ഗ്രാമീണര്‍
Summary
അക്രമികള്‍ പോയശേഷം അടുത്തുള്ള പള്ളിയില്‍ നിന്നുമെത്തിയ മുസ്‍ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് തീയണച്ചതെന്ന് ഗ്രാമീണര്‍

പുറത്തുനിന്ന് വന്നവരാണ് പശ്ചിമ ബംഗാളിലെ സംഘര്‍ഷത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍. മോട്ടോര്‍സൈക്കിളില്‍ എത്തിയ ചിലരാണ് അക്രമം അഴിച്ചു വിട്ടതെന്ന് ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ മഗുര്‍ഖലിയിലെ ഗ്രാമീണര്‍ പറയുന്നു. എന്‍ഡിടിവിയാണ് ഗ്രാമീണരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജൂലൈ 2ന് പര്‍ഗനാസ് സ്വദേശിയായ യുവാവ് മുഹമ്മദ് നബിയെ ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. അന്നുതന്നെ ഇയാളെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് അറസ്റ്റില്‍ പ്രതിഷേധിച്ച് എത്തിയ ഒരു കൂട്ടം ആളുകള്‍ മുസ്‍ലിം കടകളും വീടുകളും ആക്രമിച്ചു. ബൈക്കിലെത്തിയ സംഘത്തിലെ ആറും പ്രദേശവാസികളായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥിയുടെ അമ്മാവന്‍റെ വീടിന് തീയിട്ടത് പുറത്തുനിന്നുള്ളവരാണെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തി. അക്രമികള്‍ പോയശേഷം അടുത്തുള്ള പള്ളിയില്‍ നിന്നുമെത്തിയ മുസ്ലികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് തീയണച്ചത്. തുടര്‍ന്ന് ആ വിദ്യാര്‍ഥിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് തിരക്കിയെന്നും ഗ്രാമീണര്‍ പറഞ്ഞു. പ്രദേശവാസിയായ ഷാജഹാന്‍ മൊണ്ടാല്‍ പറഞ്ഞതിങ്ങനെ- "പുറത്തുനിന്ന് എത്രപേര്‍ വന്നു എന്നറിയില്ല. അവര്‍ വരുന്നതു കണ്ടപ്പഴേ ഞങ്ങള്‍ അകത്തേക്ക് ഓടി".

"കലാപത്തിന് പിന്നില്‍ പുറത്തുനിന്നു വന്നവര്‍, ഞങ്ങളിവിടെ ജീവിക്കുന്നത് ഒരുമയോടെ": ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് ഗ്രാമീണര്‍

"ഈ വര്‍ഗീയ സംഘര്‍ഷം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആഘോഷവേളകളില്‍ അവരുടെ വീടുകളില്‍ പോകാറുണ്ട്. ദുര്‍ഗപൂജയ്ക്ക് അവര്‍ ഞങ്ങളുടെ വീടുകളിലും വരാറുണ്ട്. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുന്നത്"- പ്രദേശവാസിയായ ജിബണ്‍ ഹാല്‍ദര്‍ പറഞ്ഞു. അക്രമികള്‍ പിടികൂടിയ തന്നെ രക്ഷിച്ചത് മുസ്‍ലിം സഹപാഠികളാണെന്നാണ് രഞ്ജിത് മൊണ്ടാല്‍ എന്ന വിദ്യാര്‍ഥി പറഞ്ഞു.- "എന്‍റെ സഹപാഠികളായ മുസ്‍ലിം കുട്ടികള്‍ എനിക്കായി വാദിച്ചു. സംഘര്‍ഷ മേഖലയില്‍ നിന്ന് അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അതുകൊണ്ടാണ് അടികിട്ടാതെ രക്ഷപ്പെട്ടത്".

"കലാപത്തിന് പിന്നില്‍ പുറത്തുനിന്നു വന്നവര്‍, ഞങ്ങളിവിടെ ജീവിക്കുന്നത് ഒരുമയോടെ": ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് ഗ്രാമീണര്‍

കലാപത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് മമത പറഞ്ഞത്. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാദി ബിജെപി നേതാക്കളെപ്പോലെ സംസാരിക്കുന്നു എന്ന വിമര്‍ശവും മമത ഉന്നയിച്ചിരുന്നു. കലാപം കത്തിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസും ആരോപിച്ചു. വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്ന നേതാക്കളെ തുറുങ്കിലടക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള സാമുദായിക സംഘര്‍ഷവും ഇതുവരെ ഉണ്ടാകാത്ത മേഖലയാണ് ബാസിര്‍ഹത്ത്.