LiveTV

Live

National

റോഡില്‍ നിന്ന പശുവിനെ മാറ്റാനായി ഹോണ്‍ അടിച്ച ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു

റോഡില്‍ നിന്ന പശുവിനെ മാറ്റാനായി ഹോണ്‍ അടിച്ച ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു
Summary
ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ അവസാന ഇരയായിരിക്കയാണ് ബീഹാറിലെ ഒരു പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍. റോഡില്‍ മാര്‍ഗതടസ്സമായി നില്‍ക്കുകയായിരുന്ന പശുവിനെ മാറ്റാനായി ഹോണടിച്ചതിനെ തുടര്‍ന്നാണ് യുവാവ് പശുവിന്റെ ഉടമസ്ഥന്റെ ആക്രമത്തിന് ഇരയായത്. ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു തകര്‍ക്കുകയായിരുന്നു.

ബീഹാര്‍ തലസ്ഥാനമായ പട്‌നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഗണേഷ് മണ്ഡല്‍ എന്ന 30 കാരനാണ് മര്‍ദ്ദനമേറ്റത്.

ജോലിക്ക് ശേഷം തന്റെ വീട്ടിലേക്ക് വരികയായിരുന്നു ഗണേഷ്. ദേശീയ പാതയിലൂടെ കടന്നുപോകുമ്പോഴാണ് നടുറോഡില്‍ പശു നില്‍ക്കുന്നത് കണ്ടത്. പശു മാറാനായി ഗണേഷ് ഉടനെ വാഹനത്തിന്റെ ഹോണ്‍ അടിക്കുകയും ചെയ്തു.

റോഡില്‍ നിന്ന പശുവിനെ മാറ്റാനായി ഹോണ്‍ അടിച്ച ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു

എന്നാല്‍ ഹോണ്‍ ശബ്ദം കേട്ട പശു റോഡില്‍ നിന്ന് കുതറി ഓടിയെന്ന് പറഞ്ഞ് പശുവിന്റെ ഉടമസ്ഥന്‍ രാം ദുലര്‍ യാദവ് ഗണേഷിനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പശുവിനെ ഭയപ്പെടുത്തുവാനായി ഗണേഷ് മനപൂര്‍വ്വം ഹോണ്‍ മുഴക്കിയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട ഗണേഷിനെ ഉടന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ബോധം തിരിച്ച് കിട്ടിയപ്പോഴേക്കും ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മര്‍ദ്ദനത്തിനിടെ കണ്ണില്‍ നിന്നും ധാരാളം രക്തം നഷ്ടപെട്ടതായിരിക്കാം കാഴ്ച്ച പോകാന്‍ കാരണമായതെന്നാണ് ഡോക്ടറുടെ നിഗമനം.

എന്നാല്‍ താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, തന്റെ പശു ദേശീയ പാതയിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നിട്ടില്ലെന്നുമാണ് റാം ദുലര്‍ യാദവ് പൊലീസിന് നല്‍കിയ വിശിദീകരണം. മാത്രമല്ല, ഗണേഷ് ഹോണ്‍ മുഴക്കുമ്പോള്‍ താന്‍ പശുവിനെ കറക്കുകയായിരുന്നുവെന്നും അയാള്‍ പറയുന്നു. സംഭവത്തില്‍ സോന്‍ബര്‍സ രാജ് പൊലീസ് എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.