LiveTV

Live

National

മാനസിക രോഗിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി

 മാനസിക രോഗിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി
Summary
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം

മാനസിക രോഗിയായ യുവതി എട്ട് മാസം പ്രായമുള്ള സ്വന്തം ആണ്‍കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ അമന്‍ വിഹാര്‍ ഏരിയയില്‍ വെള്ളിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലിക്കായി പുറത്തുപോയിരുന്നു. ഏഴും രണ്ടും വയസുള്ള മറ്റ് രണ്ട് മക്കള്‍ മുത്തച്ഛന്റെ വീട്ടിലായിരുന്നു. കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുത്തതിന് ശേഷം ശരീരം ഇഷ്ടിക കൊണ്ട് വികലമാക്കുകയും ചെയ്തു. മകന്റെ കഴുത്തറ്റ ശരീരത്തിന് സമീപം കിടന്നുറങ്ങുന്ന ഭാര്യയെയാണ് രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത്. കുഞ്ഞിന്റെ തല തറയിലും ശരീരം ഭാര്യയുടെ അടുത്തുമായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യ കൊലപ്പെടുത്തിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. പെണ്‍മക്കളുടെ സുരക്ഷയെ കരുതിയാണ് അവരെ മുത്തച്ഛന്റെ വീട്ടിലേക്കയച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയെ ചികിത്സക്കായി മാനസിക രോഗാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഒരു ആള്‍ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഇത് നിഷേധിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.