LiveTV

Live

National

''ബിജെപിയില്‍ ചേരു, പക്ഷേ ഒരിക്കലേ വിവാഹിതനാകാവൂ''

''ബിജെപിയില്‍ ചേരു, പക്ഷേ ഒരിക്കലേ വിവാഹിതനാകാവൂ''
Summary
തന്റെ പ്രസംഗത്തെ അലോസരപ്പെടുത്തി ഫോണില്‍ സംസാരിച്ച യുവാവിനോടായിരുന്നു മന്ത്രിയുടെ പ്രസ്താവന

''വിവാഹിതനല്ലെങ്കില്‍ ബിജെപിയില്‍ ചേരൂ.. തൊഴിലുതരാം.. പക്ഷേ, ഒരിക്കല്‍ മാത്രമേ പിന്നെ വിവാഹം കഴിക്കാന്‍ പാടുളളൂ..''

മഹാരാഷ്ട്രയിലെ പാര്‍ലമെന്ററി കാര്യ മന്ത്രി ഗിരീഷ് ബാപത് ഒരു പൊതുചടങ്ങിനിടെ യുവജനങ്ങളോട് പറഞ്ഞതാണിത്. വെള്ളിയാഴ്ച മാര്‍ക്കറ്റ് യാര്‍ഡിലെ ഒരു മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങ് നടത്തി, മന്ത്രി സംസാരിക്കുന്നതിനിടെ അതിന് അലോസരമുണ്ടാക്കുന്ന രീതിയില്‍ സമീപത്തു നിന്ന് ആരോ ഫോണില്‍ സംസാരിച്ചു. അത് ആരാണ്, അയാള്‍ വിവാഹിതനാണോ എന്നായിരുന്നു മന്ത്രി ഉടനെ ചോദിച്ചത്. അല്ല താന്‍ വിവാഹിതനല്ലെന്ന് ഉടനെ തന്നെ ഫോണില്‍ സംസാരിച്ചു നിന്ന യുവാവ് മറുപടിയും നല്‍കി. ഉടനെ ബാപത്ത് മൈക്കിലൂടെ, ''വിവാഹം കഴിച്ചില്ലെങ്കില്‍ ബിജെപിയില്‍ ചേരൂ.. തൊഴിലുതരാം.. പക്ഷേ, ഒരിക്കല്‍ മാത്രമേ പിന്നെ വിവാഹം കഴിക്കാന്‍ പാടുളളൂ..''- എന്നു പറയുകയായിരുന്നു.

ബാപത്തിന്റെ പ്രസ്താവന കുറച്ചധികം നേരം സദസ്സില്‍ ചിരി പടര്‍ത്തിയെങ്കിലും പ്രതിപക്ഷം ഈ പ്രസ്താവനയെ ഒരു ആയുധമാക്കിയെടുത്തിരിക്കയാണ്. എന്നാല്‍ ഇതൊന്നും ഗിരീഷ് ബാപത്തിനെ ബാധിച്ചിട്ടില്ല. താന്‍ വന്നത് മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനായിരുന്നുവെന്നും പാലം പണി കഴിഞ്ഞുള്ള ഉദ്ഘാടനത്തിനും തന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷമാണ് അസംബ്ലി തെരഞ്ഞെടുപ്പ്.

മാര്‍ക്കറ്റ് യാര്‍ഡിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന്റെ പേരില്‍ തന്നെ ബിജെപി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. 28 കോടിയാണ് ഇതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. പൂനയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ട്രാഫിക് ബ്ലോക് കുറവുള്ള മേഖലയാണിതെന്നും, ഇവിടെ ഒരു മേല്‍പ്പാലത്തിന്റെ ആവശ്യം തന്നെയില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്.