LiveTV

Live

National

കശാപ്പുകാരും മദ്യക്കടത്തുകാരും ബിജെപിക്ക് വോട്ട് ചെയ്തില്ല; സീറ്റ് കുറഞ്ഞതിന് ഗുജറാത്ത് മന്ത്രിയുടെ കണ്ടെത്തല്‍

Summary
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് തികയ്ക്കാന്‍ കഴിയാത്തതിന് കാരണം കണ്ടെത്തി മന്ത്രി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് തികയ്ക്കാന്‍ കഴിയാത്തതിന് കാരണം കണ്ടെത്തി മന്ത്രി. സംസ്ഥാനത്തെ കശാപ്പുകാരും മദ്യക്കടത്തുകാരും മുത്തലാഖ് ബില്ലിനെ എതിര്‍ത്തവരും ബിജെപിക്ക് വോട്ട് ചെയ്യാത്തതു കൊണ്ടാണ് സീറ്റ് കുറയാന്‍ കാരണമെന്ന് ആഭ്യന്തര സഹമന്ത്രി പ്രദീപ്‍സിന്‍ഹ ജഡേജ പറഞ്ഞു.

ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളാണ് നേടാനായത്. 2012 ല്‍ 115 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഇതേസമയം, കോണ്‍ഗ്രസ് 19 സീറ്റുകള്‍ അധികം നേടി സീറ്റുകളുടെ എണ്ണം 77 ആക്കുകയും ചെയ്തു. ''ആരാണ് നമുക്കെതിരായി വോട്ട് ചെയ്തതെന്ന് ഞാന്‍ പറഞ്ഞുതരാം. ഗോവധ നിരോധം കര്‍ശനമാക്കിയതോടെ സര്‍ക്കാരിനെതിരായ കശാപ്പുകാരാണ് ബിജെപിക്ക് വോട്ട് ചെയ്യാത്തവരില്‍ ഒരു കൂട്ടര്‍. മദ്യക്കടത്തുകാരാണ് മറ്റൊരു കൂട്ടര്‍. മുത്തലാഖ് ബില്‍ കൊണ്ടുവന്നതിലും ഒരു വിഭാഗത്തിന് കല്ലുകടിയുണ്ടായിരുന്നു. അവരും ബിജെപിക്ക് വോട്ട് ചെയ്തില്ല. ചില സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും ബിജെപിയോട് മമതയില്ല. അവരുടെ ഫീസിന് കടിഞ്ഞാണിട്ടതാണ് കാരണം. ഏതായാലും ഇവരെ കുറിച്ചൊന്നും ബിജെപിക്ക് ആശങ്കയില്ല. വോട്ടെടുപ്പിന് മുമ്പ് 125 സീറ്റുകള്‍ ജയിച്ച് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. പക്ഷേ അവര്‍ക്ക് 77 സീറ്റുകളേ കിട്ടിയുള്ളു. ഗുജറാത്തില്‍ മോദിയുണ്ടാക്കിയിടത്തോളം വികസനമൊന്നും വേറൊരു മുഖ്യമന്ത്രിമാരും സൃഷ്ടിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.