LiveTV

Live

National

റാം റഹീം സിങിന് ശിക്ഷ വിധിക്കുക ജയിലില്‍ വെച്ച്

റാം റഹീം സിങിന് ശിക്ഷ വിധിക്കുക ജയിലില്‍ വെച്ച്
Summary
സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി റാം റഹീം സിങിന്‍റെ ശിക്ഷാവിധി ജയിലിലേക്ക് മാറ്റി.

സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി റാം റഹീം സിങിന്‍റെ ശിക്ഷാവിധി ജയിലിലേക്ക് മാറ്റി. പ്രത്യേക സിബിഐ കോടതി ജഡ്ജി തിങ്കളാഴ്ച്ച റോത്തക്ക് ജയിലിലെത്തി റാം റഹീ സിങിന്‍റെ ശിക്ഷ വിധിക്കും. അതിനിടെ റാം റഹീം സിങിന്‍റെ ബാഗ് ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കി. കലാപമുണ്ടാക്കിയത് തങ്ങളല്ലെന്ന വിശദീകരണവുമായി ദേര സച്ചാ സൌദ ചെയര്‍പേഴ്സണും ഇന്ന് രംഗത്തെത്തി.

ശിക്ഷ വിധി കേള്‍ക്കാനായി റാം റഹീം സിങിനെ ജയിലില്‍ നിന്ന് വീണ്ടും കോടതിയിലെത്തിച്ചാല്‍ ഇനിയും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷ വിധിക്കുന്നത് ജയിലിനകത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സിബിഐ കോടതി ജഡ്ജിയെ റാം റഹീം സിങിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക്കിലെ ജയിലിലേക്ക് കൊണ്ടുവരും. റോത്തക്കില്‍ അന്നേദിവസം സുരക്ഷ ശക്തമാക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

അതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ റാം റഹീമിന്‍റെ പെട്ടി ചുമന്ന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ഗുര്‍ദാസ് സിങ് സല്‍വാരയെ ഹരിയാന സര്‍ക്കാര്‍ പുറത്താക്കി. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുറ്റവാളിയുടെ പെട്ടിയുമായി നടന്നത് അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് എജി ബല്‍ദേവ് മഹാജന്‍ വ്യക്തമാക്കി.

സംഘര്‍ഷമുണ്ടാക്കിയത് തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും സമാധാനപരമായുള്ള തങ്ങളുടെ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയ ക്രിമനലുകളാണെന്നുമുള്ള വിശദീകരണവുമായി ദേര സച്ചാ സൌദ ചെയര്‍പേഴ്സണ്‍ വിപ്സന്ന ഇന്‍സാന്‍ രംഗത്തെത്തി. അതേസമയം കലാപത്തിന് ഉത്തരവാദികള്‍ ഹരിയാന സര്‍ക്കാരാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആളുകളെ സംഘം ചേരാന്‍ അനുവദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നും പഞ്ചാബില്‍ 52 അക്രമസംഭവങ്ങളുണ്ടായതായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം കലാപം രൂക്ഷമായ ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലായി. ദേര സച്ചയുടെ 36 ഓഫീസുകള്‍ സീല്‍ ചെയ്ത പൊലീസ് ദേശദ്രോഹത്തിനടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.