LiveTV

Live

National

ബംഗാൾ കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ചയാൾ പിടിയിൽ

ബംഗാൾ കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ചയാൾ പിടിയിൽ
Summary
ബംഗാളിലെ നോർത്ത് 24 പര്‍‍ഗാനാസിലെ കലാപത്തിന്‍റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്.

ബംഗാൾ വർഗീയ കലാപത്തി​നിടെ സംഭവിച്ചതെന്ന പേരില്‍ സിനിമയില്‍ നിന്നെടുത്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. ബംഗാളിലെ നോർത്ത് 24 പര്‍‍ഗാനാസിലെ കലാപത്തിന്‍റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

2014ല്‍ ഭോജ്പുരിയില്‍ ഇറങ്ങിയ ഔറത് ഖിലോന നഹി സിനിമയിലെ ചിത്രമാണ് കലാപത്തിന്‍റേതെന്ന പേരില്‍ പ്രചരിച്ചത്. ആള്‍ട്ട് ന്യൂസ് പോലുള്ള വെബ്സൈറ്റുകള്‍ ഉടന്‍ തന്നെ ചിത്രം സിനിമയില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തു. വ്യാജ ചിത്ര പ്രചരണത്തിലൂടെയും മറ്റും ബിജെപിയും ആര്‍എസ്എസും സംഘര്‍ഷം ആളിക്കത്തിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. വ്യാജ ചിത്രങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത വ്യക്തമാക്കി.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ 17കാരന്‍ വിദ്യാര്‍ഥിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. കലാപത്തിന്‍റേതെന്ന പേരില്‍ വ്യാജചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ പ്രകോപിതരാകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.