LiveTV

Live

National

ദോക്‌ലാം അതിര്‍ത്തി തര്‍ക്കം: ഇന്ത്യയിലെ ചൈനീസ് പൌരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദോക്‌ലാം അതിര്‍ത്തി തര്‍ക്കം: ഇന്ത്യയിലെ ചൈനീസ് പൌരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
Summary
ചൈനീസ് എംബസിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്..

ദോക്‌ലാമിലെ ഇന്ത്യ ചൈന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ചൈനീസ് പൌരന്‍മാര്‍ക്ക് ചൈനീസ് എംബസിയുടെ ജാഗ്രതാ നിര്‍ദേശം. വ്യക്തിപരമായ സുരക്ഷയും താമസിക്കുന്ന പ്രദേശത്തെ സുരക്ഷ സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതോടെ പ്രശ്നപരിഹാരത്തിനുള്ള നയതന്ത്രതലത്തിലുള്ള ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്.

ഭൂട്ടാനിലെ ദോക്‌ലാം മേഖലയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹാരമാകാതെ നീണ്ട് പോകുന്നതിനിടെയാണ് ഇന്ത്യയിലുള്ള ചൈനീസ് പൌരന്‍മാര്‍ക്ക് ചൈനീസ് എംബസി ജാഗ്രത നിര്‍ദേശം നല്‍കിയത്. അതിര്‍ത്തിയിലെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പൌരന്‍മാര്‍ക്ക് നേരേ ആക്രമണമുണ്ടായേക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ദോക്‌ലാമിലെ പ്രശ്നത്തില്‍ പ്രദേശത്ത് നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു.

ഭൂട്ടാനും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടുന്ന ഇന്ത്യയുടെ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ചൈനയുടെ താക്കീത്. ഭൂട്ടാന്റെ ആവശ്യപ്രകാരമാണ് പ്രശ്നത്തില്‍ ഇടപെട്ടതെന്നും മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഭൂട്ടാനിലെ സൈനികതാവളത്തിലേക്ക് സൈനികനീക്കം സുഗമമാക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന പൂര്‍ത്തിയാക്കിയാല്‍, കാലങ്ങളായി അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈനക്ക് എളുപ്പവഴി തെളിയും.

1980ല്‍ ഭൂട്ടാനുമായുണ്ടാക്കിയ അതിര്‍ത്തി കരാര്‍ ഉയര്‍ത്തികാട്ടി മേഖലയുടെ അവകാശവാദം ചൈന ആവര്‍ത്തിക്കുന്പോഴും വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതും ഇതാണ്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചും അരുണാചലിലെയും സിക്കിമിലേയും ഇന്ത്യന്‍പ്രദേശങ്ങള്‍ക്ക് മേല്‍ അവകാശവാദം ശക്തിപ്പെടുത്തിയുമാണ് ചൈന പ്രകോപനം തുടരുന്നത്.