LiveTV

Live

National

ആളെക്കൊല്ലുന്ന ഗോ രക്ഷകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ സ്ത്രീകള്‍

ആളെക്കൊല്ലുന്ന ഗോ രക്ഷകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ സ്ത്രീകള്‍
Summary
ഇനിയും ക്ഷമിക്കാനാകില്ല, ഈ അരാജത്വം. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഈ നരനായാട്ട്. - പറയുന്നത് ജാര്‍ഖണ്ഡിലെ ഒരു കൂട്ടം മുസ്‍ലിം സ്ത്രീകളാണ്.

ഇനിയും ക്ഷമിക്കാനാകില്ല, ഈ അരാജത്വം. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഈ നരനായാട്ട്. - പറയുന്നത് ജാര്‍ഖണ്ഡിലെ ഒരു കൂട്ടം മുസ്‍ലിം സ്ത്രീകളാണ്. ആളെക്കൊല്ലുന്ന ഗോ രക്ഷകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തങ്ങള്‍ ആയുധമെടുക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ബീഫ് കടത്തിയെന്ന സംശയത്തില്‍ കഴിഞ്ഞദിവസം അസ്‍ഗര്‍ അലിയെന്ന അലിമുദ്ദീനെ ഗോ രക്ഷകര്‍ ക്രൂരമായി മര്‍ദിച്ച് കൊല്ലുകയും അദ്ദേഹത്തിന്റെ കാര്‍ കത്തിക്കുകയും ചെയ്തതോടെയാണ് ക്ഷമ നശിച്ച സ്ത്രീകളുടെ സംഘം ആയുധമെടുക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.

ആളെക്കൊല്ലുന്ന ഗോ രക്ഷകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ സ്ത്രീകള്‍

ഗോ രക്ഷകര്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് സംവിധാനം വെറും നോക്കുകുത്തികളാകുകയാണെന്നും അക്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ മൌനാനുവാദവും അനുഗ്രഹവുമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തിന്റെ 'നീതി' നടപ്പാക്കലിനെ അതേ നാണയത്തില്‍ തന്നെ നേരിടുകയാണ് ചെയ്യേണ്ടതെന്ന് കൊല്ലപ്പെട്ട അസ്‌ഗര്‍ അലിയുടെ ഭാര്യ മറിയം പറയുന്നു. മറിയത്തിന് പിന്തുണയുമായി നൂറു കണക്കിന് സ്ത്രീകളാണ് കൈകോര്‍ത്തിരിക്കുന്നത്. ഗോ രക്ഷകര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്‍ലിം പുരുഷന്‍മാരെയാണ്. ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നതില്‍ 90 ശതമാനത്തില്‍ അധികവും മുസ്‍ലിംകളാണ്. രാജ്യത്ത് ബീഫ് കഴിക്കുന്നത് മുസ്‍ലിംകള്‍ മാത്രമാണോ ? എന്നും രോഷാകുലരായ സ്ത്രീകള്‍ ചോദിക്കുന്നു.

കഴിഞ്ഞദിവസം വീടിനു മുമ്പില്‍ പശു ചത്തു കിടന്നതിന്റെ പേരില്‍ മധ്യവയസ്കനെ ഗോ രക്ഷകര്‍ തല്ലിച്ചതച്ചിരുന്നു. വീടിനു തീവെക്കുകയും ചെയ്തിരുന്നു. മുസ്‍ലിം പുരുഷന്‍മാര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ കാരണം തങ്ങള്‍ ഭീതിയിലാണ്. ഈ അക്രമങ്ങളൊന്നും ആകസ്മികമായി സംഭവിക്കുന്നതല്ല. എല്ലാം ഗൂഡാലോചനയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ ചില സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടിലുള്ള പുരുഷന്‍മാര്‍ ജോലിക്ക് പോയാല്‍ തിരിച്ചെത്തുന്നതു വരെ നെഞ്ചിടിപ്പോടെയാണ് സ്ത്രീകള്‍ കാത്തിരിക്കുന്നതെന്നും മറിയം പറയുന്നു. ഇനിയും സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെങ്കില്‍ തങ്ങളുടെ വീട്ടുകാരുടെ സുരക്ഷക്ക് ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഹാരശീലത്തില്‍ ഒരു സമുദായത്തിന് മാത്രം എന്തിനാണ് ഇത്ര ആശങ്ക. ഞങ്ങള്‍ ആരുടെയും അടുക്കളയിലേക്ക് നോക്കാറില്ലല്ലോയെന്നും ആബിദ ഖതന്‍ ചോദിക്കുന്നു. സമാധാനത്തോടെ ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ക്ഷമ നശിച്ചാല്‍ ആയുധമെടുക്കാനും തയാറാണെന്ന് ഭോല ഖാന്‍ പറയുന്നു.