LiveTV

Live

National

കര്‍ഷകര്‍ വെടിയേറ്റ് മരിക്കുമ്പോള്‍ കൃഷിമന്ത്രി യോഗാസനത്തില്‍

 കര്‍ഷകര്‍ വെടിയേറ്റ് മരിക്കുമ്പോള്‍ കൃഷിമന്ത്രി യോഗാസനത്തില്‍
Summary
കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എത്ര മാത്രം നിര്‍വ്വികാരമായാണ് കാണുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

മധ്യപ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് യോഗ അഭ്യാസ ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. ബീഹാറിലെ മോത്തിഹാരിയില്‍ ബാബ രാംദേവ് സംഘിപ്പിച്ച യോഗ ക്യാമ്പിലാണ് മന്ത്രി പങ്കെടുത്തത്. കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എത്ര മാത്രം നിര്‍വ്വികാരമായാണ് കാണുന്നതെന്നതിന്‍റെ ഉദാഹരണമായാണ് മന്ത്രിയുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

മധ്യപ്രദേശിലെ മന്ദ്സൌറില്‍ കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് ദിവസമായില്ല. മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലേക്കും രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലേക്കും കാര്‍ഷിക പ്രക്ഷോഭം വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. പക്ഷെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ഇതൊന്നും അറിഞ്ഞ മട്ടില്ല. അദ്ദേഹം യോഗാസനത്തിലാണ്. ബീഹാറിലെ മോത്തിഹാരിയില്‍ യോഗ ഗുരു ബാബാ രാംദേവിനൊപ്പം യോഗ അഭ്യസിക്കുന്നതിന്‍റെ തിരക്കിലാണ് മന്ത്രി.

ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമായ മന്ത്രി യോഗക്യാമ്പില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ കര്‍ഷകര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഇതുവരെ മന്ത്രി ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. മധ്യപ്രദേശ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്ത സമ്മേളനം മന്ത്രി മാറ്റി വെച്ചിരുന്നു. എന്നാല്‍ യോഗ ക്യാമ്പിലെ പങ്കെടുക്കുന്നത് മന്ത്രി മാറ്റിവെച്ചില്ല.