LiveTV

Live

National

ആംബുലന്‍സ് നിഷേധിച്ചു; സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചു

ആംബുലന്‍സ് നിഷേധിച്ചു; സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചു
Summary
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് സ്ത്രീയുടെ മൃതദേഹം ഭര്‍ത്താവും മകനും ചേര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചു

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് സ്ത്രീയുടെ മൃതദേഹം ഭര്‍ത്താവും മകനും ചേര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചു. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം.

റാണിബാരി സ്വദേശിനി സുശീല ദേവി പൂര്‍ണിയ സദര്‍ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച്ചയാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മൃതദേഹം വീട്ടിലെത്തിക്കാന്‍ സ്വയം വഴി കണ്ടെത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് സുശീലയുടെ ഭര്‍ത്താവ് ശങ്കര്‍ ഷാ പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ 2,500 രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്. അത്രയും പണം കൊടുക്കാനില്ലാത്തതിനാല്‍ ശങ്കര്‍ ഷായും മകന്‍ പപ്പുവും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. അമ്മയുടെ മൃതശരീരം തുണികൊണ്ട് മകന്‍റെ ദേഹത്തോട് ചേര്‍ത്തുകെട്ടി. താഴെ വീഴാതിരിക്കാന്‍ ശങ്കര്‍ ഷാ ബൈക്കിന്‍റെ പിറകിലിരുന്നു.

ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഉപയോഗയോഗ്യമല്ലാത്തതുകൊണ്ടാണ് വിട്ടുനല്‍കാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൂര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.