LiveTV

Live

National

ബലാത്സംഗ ഇരയുടെ ഗര്‍ഭഛിദ്ര അപേക്ഷ സുപ്രിംകോടതി തള്ളി, മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബലാത്സംഗ ഇരയുടെ ഗര്‍ഭഛിദ്ര അപേക്ഷ സുപ്രിംകോടതി തള്ളി, മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Summary
ഇതിനു പകരം ബിഹാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.

ബിഹാറിലെ പാട്നയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ എച്ച്ഐവി ബാധിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ സുപ്രിംകോടതി തള്ളി. ഇതിനു പകരം ബിഹാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. 26 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ അനുമതി തേടിയാണ് 35കാരി സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അമ്മയുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രിംകോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

തനിക്ക് ഭര്‍ത്താവും രക്ഷിതാക്കളും ബന്ധുക്കളുമൊന്നുമില്ലെന്നും ബലാത്സംഗം നടന്ന് 13 ആഴ്ചകള്‍ക്ക് ശേഷമാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞതെന്നും യുവതി സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാലയളവില്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ തിരിച്ചറിയാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞു. മാനസിക പ്രശ്നമുണ്ടെന്ന് കാണിച്ച് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും മാതാപിതാക്കള്‍ കൈയ്യൊഴിയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് വീട്ടുകാരുടെ പിന്തുണയും ലഭിച്ചിരുന്നില്ല. ഇന്ത്യയില്‍ 20 ആഴ്ച വരെ പ്രായമുള്ള ഭൂണത്തിനാണ് ഗര്‍ഭചിദ്രത്തിന് അനുമതിയുള്ളത്. എന്നാല്‍ 17 ആഴ്ച ഗര്‍ഭമായിരുന്ന സമയത്ത് ഗര്‍ഭഛിദ്രത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല എന്ന് യുവതി സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനോട് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. നേരത്തെ ഹൈക്കോടതിയും യുവതിയുടെ ഹര‍ജി തള്ളിയിരുന്നു.