LiveTV

Live

National

കല്ലേറ് തടയാന്‍ മനുഷ്യകവചം: ജമ്മുകാശ്മീരില്‍ സൈനികവാഹനത്തിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ടു

കല്ലേറ് തടയാന്‍ മനുഷ്യകവചം: ജമ്മുകാശ്മീരില്‍ സൈനികവാഹനത്തിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ടു
Summary
ബുദ്ഗാമില്‍ ഉപതെര‍ഞ്ഞെടുപ്പിന് ശേഷം പൊളിംഗ് സാമഗ്രികളുമായി പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് സൈന്യം ഈ വിവാദ മാര്‍ഗം സ്വീകരിച്ചത്

കശ്മീരില്‍ ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സൈന്യവും നാട്ടുകാരും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് ഇനിയും അയവുവന്നില്ല. നാട്ടുകാരുടെ കല്ലേറ് തടയാനായി ഒരു യുവാവിനെ സൈനിക ജീപ്പിന്റെ മനുഷ്യകവചമാക്കി കെട്ടിവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

This young man was TIED to the front of an army jeep to make sure no stones were thrown at the jeep? This is just so shocking!!!! #Kashmir pic.twitter.com/bqs4YJOpJc

— Omar Abdullah (@abdullah_omar) April 14, 2017

കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഗുണ്ടിപോര ഗ്രാമത്തിലൂടെ കടന്നുപോകുന്ന സൈനിക വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഞായറാഴ്ചയായിരുന്നു ഗുണ്ടിപോരയില്‍ വോട്ടെടുപ്പ്, എങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് ചില ബൂത്തുകളില്‍ വ്യാഴാഴ്ച റീപോളിംഗ് വേണ്ടിവന്നു.

മുന്‍ മുഖ്യമന്ത്രിയും, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ളയാണ്, പുതിയ വീഡിയോ ട്വിറ്ററില്‍ പുറത്ത് വിട്ടത്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതോ, എപ്പോള്‍ പകര്‍ത്തിയതാണ് എന്നതോ വ്യക്തമല്ല. എന്നാല്‍ എന്നാല്‍ ജീപ്പും ട്രക്കും സൈന്യത്തിന്റേതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കല്ലെറിയുന്നവരുടെ ഗതി ഇതാണെന്ന് ജീപ്പിനുള്ളില്‍ നിന്ന് വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതില്‍ നിന്നും കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടത് തങ്ങള്‍ പിടികൂടിയ പ്രതിഷേധക്കാരില്‍ ഒരാളാണെന്ന് സൈന്യം വ്യക്തമാക്കുന്നു. വാഹനത്തിന്റെ ബമ്പറിലാണ് യുവാവിനെ കയറ് കൊണ്ട് കെട്ടിയിട്ടിരിക്കുന്നത്.

ബുദ്ഗാമില്‍ ഉപതെര‍ഞ്ഞെടുപ്പിന് ശേഷം പൊളിംഗ് സാമഗ്രികളുമായി പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് സൈന്യം ഈ വിവാദ മാര്‍ഗം സ്വീകരിച്ചത്. സിആര്‍പിഎഫ് ജവാന്മാരെ പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ വീഡിയോയും പുറത്ത് വരുന്നത്.

സമാന പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ സൈന്യത്തിന്‍റെ ഈ പ്രവൃത്തി ചര്‍ച്ചയാക്കുമോ എന്നും ഉമര്‍ അബ്ദുള്ള ചോദിക്കുന്നു. ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്. നടപടി വിവാദമാണെങ്കിലും, കല്ലേറ് തടയുന്നതില്‍ ഫലപ്രദമായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങളുടെ പ്രതികരണം.