LiveTV

Live

National

ഗെയിക്‌വാദിനെ വിമാനയാത്രക്ക് അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുമെന്ന് ശിവസേന 

ഗെയിക്‌വാദിനെ വിമാനയാത്രക്ക് അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുമെന്ന് ശിവസേന 
Summary
രവീന്ദ്ര ഗെയിക്‌വാദിനെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ശിവസേന

രവീന്ദ്ര ഗെയിക്‌വാദിനെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ശിവസേന. എം.പി എന്ന പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വിഷയത്തില്‍ ഇടപെടണമെന്നും ശിവസേന എം.പി ആനന്ദ്‌റാവു അദ്‌സുല്‍ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരും, ഈ സര്‍ക്കാറിന്റെ ഭാഗമെന്ന നിലക്ക് ഒരു ബഹളമുണ്ടാക്കാനുദ്ദേശിക്കുന്നില്ല, എന്നാല്‍ ബഹളത്തിലേക്ക് ഞങ്ങളെ വരുത്തരുത്, വിമാനയാത്ര എന്നത് ഭരണഘടനാ അവകാശമാണെന്നും ആനന്ദ്‌റാവു പറഞ്ഞു. ഗെയിക്‌വാദിനെ എയര്‍ ഇന്ത്യ ജീവനക്കാര്‍ തല്ലിയതായും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിലക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ ജീവനക്കാരനെ തല്ലിയതിനാണ് ഗെയിക്‌വാദിനെ എയര്‍ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എയര്‍ഇന്ത്യക്ക് പിന്നാലെ ഏതാനും സ്വകാര്യ കമ്പനികളും ഇദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ മാപ്പുപറയണെമന്നാണ് വിമാനക്കാമ്പനികളുടെ നിലപാട്. എന്നാല്‍ മാപ്പുപറയില്ലെന്നാണ് എം.പിയും വ്യക്തമാക്കുന്നത്. ജീവനക്കാരനെ തല്ലിയതായി ഗെയിക് വാദ് സമ്മതിച്ചിരുന്നു.