LiveTV

Live

National

സ്‍കൂളുകളില്‍ ഗീതാ പഠനം നിര്‍ബന്ധമാക്കുന്നതിന് ബില്‍

സ്‍കൂളുകളില്‍ ഗീതാ പഠനം നിര്‍ബന്ധമാക്കുന്നതിന് ബില്‍
Summary
ബിജെപി എംപി രമേശ് ബിദുരിയാണ് ബില്‍ അവതരിപ്പിച്ചത്.

രാജ്യത്തെ സ്‍കൂളുകളില്‍ ഭഗവത് ഗീത പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍. ബിജെപി എംപി രമേശ് ബിദുരിയാണ് ബില്‍ അവതരിപ്പിച്ചത്. സന്‍മാര്‍ഗ പഠനത്തിന്റെ ഭാഗമായി സ്‍കൂളുകളില്‍ ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് ബില്ലിലെ ആവശ്യം. സ്വകാര്യ ബില്ലായാണ് ഇത് ലോക്സഭയില്‍ എത്തിയത്.

ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍നിന്നുള്ള ബിജെപി എംപിയാണ് രമേശ് ബിദുരി. രമേശ് ബിദുരിയുടെ ബില്ലടക്കം 103 ബില്ലുകളാണ് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതും തുപ്പുന്നതും നിരോധിക്കുന്നതിനുള്ള ബില്ലും സഭയില്‍ എത്തിയിട്ടുണ്ട്. ബിജെപി അംഗം മഹേഷ് ഗിരിയാണ് ഈ ബില്‍ അവതരിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ക്കായി എന്‍സിപി അംഗം സുപ്രിയ സുലെയും ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം, വിവാഹങ്ങളിലെ ആഡംബരം ഒഴിവാക്കുന്നതിനും അനാവശ്യ ചെലവുകളും ഭക്ഷണം പാഴാക്കുന്നതും തടയുന്നതിനും ആവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ രഞ്ജിത് രഞ്ജനന്റെ സ്വകാര്യ ബില്‍.