LiveTV

Live

National

ലക്നൌ ഭീകര വേട്ട: മൃതദേഹം കുടുംബം ഏറ്റുവാങ്ങിയില്ല

ലക്നൌ ഭീകര വേട്ട: മൃതദേഹം കുടുംബം ഏറ്റുവാങ്ങിയില്ല
Summary
ഉത്തര്‍ പ്രദേശിലെ ലക്നൌവില്‍ ഭീകര വേട്ടയില്‍ കൊല്ലപ്പെട്ട സൈഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് രക്ഷിതാക്കള്‍. രാജ്യ താല്‍പര്യത്തിനെതിരയാണ് മകന്‍റെ പ്രവര്‍‌ത്തിച്ചെതെന്ന് പിതാവ് സര്‍താജ്

ഉത്തര്‍ പ്രദേശിലെ ലക്നൌവില്‍ ഭീകര വേട്ടയില്‍ കൊല്ലപ്പെട്ട സൈഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് രക്ഷിതാക്കള്‍. രാജ്യ താല്‍പര്യത്തിനെതിരയാണ് മകന്‍റെ പ്രവര്‍‌ത്തിച്ചെതെന്ന് പിതാവ് സര്‍താജ് പറഞ്ഞു. സൈഫുള്ളക്ക് ഐഎസ് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഭോപ്പാല്‍-ഉജ്ജെയ്ന്‍ ട്രെയിന്‍ സ്ഫോടനത്തിന് പിന്നിലും ഐഎസ് പ്രവര്‍ത്തിച്ചതായി മധ്യപ്രദേശ് സര്‍ക്കാരും വ്യക്തമാക്കി.

രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലായി നടന്ന സംഭവങ്ങളിലാണ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഐഎസ് ബന്ധം സംശയിക്കുന്നത്. ഭോപ്പാലില്‍ 6 പേരുടെ പരിക്കിനിടയാക്കിയ ട്രെയിന്‍ സ്ഫോടനമാണ് ഒന്ന്. ഇതിന് പിന്നിലെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത കേസില്‍ ഇതിനകം 6 പേരെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയതിട്ടുണ്ട്. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്നൌവിലെ താക്കൂര്‍ ഖഞ്ചില്‍ നടന്ന ഭീകര വേട്ടയാണ് മറ്റൊരു സംഭവം. ഇതില്‍ കൊല്ലപ്പെട്ട സൈഫുള്ള എന്നയാളുടെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഇയാളുടെ കൈവശം റെയില്‍വെ മാപ്പും ഐഎസ് പതാകയും ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനും കുടുംബം വിസമ്മതിച്ചു.

20 കമാന്‍ഡോകളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. കീഴടങ്ങാനുളള എടിഎസിന്റെ ആവശ്യം തളളിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശവാസികളെ ഒഴിപ്പിക്കുകയും സംഭവസ്ഥലത്തേക്കുളള പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. പൊലീസുമായി നിരവധി തവണ വെടിവെയ്പ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.