LiveTV

Live

National

പഞ്ചാബില്‍ കോണ്‍ഗ്രസും ആപ്പും നേര്‍ക്ക് നേര്‍ക്കുനേര്‍

പഞ്ചാബില്‍ കോണ്‍ഗ്രസും ആപ്പും നേര്‍ക്ക് നേര്‍ക്കുനേര്‍
Summary
നിറംമങ്ങി എന്‍ഡിഎ

പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ പോരാട്ടം കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍. ഭരണകക്ഷിയായ ബിജെപി-അകാലിദള്‍ സഖ്യം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള മാല്‍വ പ്രവിശ്യ പിടിക്കുന്നവരായിരിക്കും പഞ്ചാബില്‍ അധികാരത്തിലെത്തുക.

പ്രധാനമന്ത്രിയടക്കം എത്തി പ്രചാരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ എന്‍ഡിഎക്ക് ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് മത്സരം. 3 പ്രവിശ്യകളില്‍ 68 മണ്ഡലങ്ങളുള്ള മാല്‍വയിലാണ് ആം ആദ്മി പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടെങ്കിലും മാല്‍വയിലെ ബദിന്ദ, പട്യാല മേഖലകളിലെ സ്വാധീനമാണ് ആപിന് പ്രതീക്ഷ നല്‍കുന്നത്. അമൃതസര്‍, പത്താന്‍കോട്ട്, തരണ്‍ തരണ്‍ എന്നീ ജില്ലകളുള്ള മജ്ഹ പ്രവിശ്യ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

കോണ്‍ഗ്രസിലേക്ക് സിദ്ദു കൂടിയെത്തിയോടെ ഈ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നില്ല. മജ്ഹയിലെ ചില പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആപിന്റെ പ്രചാരണം. ദോബ പ്രവിശ്യയില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ദോബയിലെ ജലന്ദര്‍, ഹൊഷിയാര്‍പൂര്‍, കപൂര്‍ത്തല മേഖലകളില്‍ കോണ്‍ഗ്രസിന് സ്വാധീനം ഉള്ളപ്പോള്‍ മറ്റ് മേഖലകളില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് മേല്‍ക്കൈ. തീവ്രകമ്മ്യൂണിസ്റ്റുകളുടെയും ഖാലിസ്ഥാന്‍ വാദികളുടെയും പിന്തുണ നേടാനായത് മജ്ഹയിലെയും ദോബയിലെയും ചില മേഖലകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ മേല്‍ക്കൈ നേടികൊടുക്കും.