LiveTV

Live

National

ഗള്‍ഫ്- ഇന്ത്യ സഹകരണ ബന്ധം; തന്ത്രപ്രധാന വികാസവും സൈനിക സഹകരണവും ഭാവിയില്‍ നിര്‍ണായകമാകും

ഗള്‍ഫ്- ഇന്ത്യ സഹകരണ ബന്ധം; തന്ത്രപ്രധാന വികാസവും സൈനിക സഹകരണവും ഭാവിയില്‍ നിര്‍ണായകമാകും
Summary
ക്ഷേമ പദ്ധതികളില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

ഗള്‍ഫ് - ഇന്ത്യ ബന്ധത്തില്‍ രൂപപ്പെടുന്ന തന്ത്രപ്രധാന വികാസവും സൈനിക സഹകരണവും മേഖലയുടെ ഭാവിസുരക്ഷയില്‍ നിര്‍ണായകമാകും. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഗള്‍ഫ് മേഖലയില്‍ ചേക്കേറിയ ലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനുതകുന്ന നടപടികളും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

ഇതാദ്യമായാണ് ഒരു അറബ് സൈന്യം ദല്‍ഹിയുടെ മണ്ണില്‍ ചുവടുവെക്കുന്നത്. രാജ്യത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന പരേഡില്‍ നൂറ്റി എണ്‍പതോളം വരുന്ന യു എ ഇ സൈനികരാണ് അണിനിരന്നത്. റിപബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാനെ ക്ഷണിച്ചതും യു എ ഇയുമായി പ്രതിരോധ കരാറുകള്‍ രൂപപ്പെടുത്തിയതും ഇന്ത്യയുടെ നിര്‍ണയാക നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ഗള്‍ഫ് മേഖലയെ വേണ്ട പ്രാധാന്യത്തില്‍ കാണാതെ പോയ സൗത്ത് ബ്ലോക്ക് ഇപ്പോള്‍ നിലപാട് മാറ്റത്തിന് തയാറായത് ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പ്രേരിപ്പിക്കും. ഡൊണാള്‍ഡ് ട്രംപിന്‍റെ വരവോടെ അമേരിക്കയുമായി കൂടുതല്‍ അകലാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് അറബ് രാജ്യങ്ങള്‍. യൂറോപ്യന്‍ യൂനിയന്‍ ദുര്‍ബലപ്പെട്ടതോടെ നല്ലൊരു സാമ്പത്തിക-സൈനിക ബദലായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ന്നു വരികയാണിപ്പോള്‍.

ഇറാനുമായി ചേര്‍ന്നുള്ള റഷ്യന്‍ നീക്കത്തെ ദുര്‍ബലപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏതായാലും പരേഡിലെ പങ്കാളിത്തം, ഇന്ത്യ-ഗള്‍ഫ് സൈനിക സഹകരണം വിപുലീകരിക്കപ്പെടുന്നതിന്‍റെ പരോക്ഷ സന്ദേശമായി മാറുകയാണ്. രാഷ്ട്രീയ-നയതന്ത്ര രംഗത്തു മാത്രമല്ല, പ്രവാസിക്ഷേമത്തിന്‍റെ കാര്യത്തിലും ഇന്ത്യ-ഗള്‍ഫ് സഹകരണം ഏറെ ഗുണം ചെയ്തേക്കും.