LiveTV

Live

National

ജെല്ലിക്കെട്ട് നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍

ജെല്ലിക്കെട്ട് നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍
Summary
എല്ലാ വിധ നിരോധനങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ എന്റെ സിനിമയേയും എന്റെ കാളയേയും നിരോധിക്കാന്‍ ആര്‍ക്കു കഴിയുമെന്ന് ചോദിച്ചു.

ജെല്ലിക്കെട്ടില്‍ നിരോധമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് കമല്‍ഹാസന്‍. ജെല്ലിക്കെട്ട് സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ശരിയായില്ല. നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഇക്കാര്യം തുടക്കം മുതല്‍ പിന്തുണച്ചിരുന്നെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. തുടക്കത്തില്‍ സമരത്തെ പിന്തുണച്ച സര്‍ക്കാര്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തി. എല്ലാ വിധ നിരോധങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ എന്‍റെ സിനിമയേയും എന്‍റെ കാളയേയും നിരോധിക്കാന്‍ ആര്‍ക്കു കഴിയുമെന്ന് ചോദിച്ചു.

തന്റെ സിനിമ നിരോധിക്കണമെന്ന തരത്തില്‍ ഉയര്‍ന്ന വിവാദങ്ങളേയും കമല്‍ഹാസന്‍ സൂചിപ്പിച്ചു. നിയമത്തിനും കോടതിക്കും ഒരിക്കലും തെറ്റുപറ്റില്ലെന്ന് പറയാനാകില്ല. നീതി വ്യവസ്ഥ അടക്കമുള്ള എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു.

ജെല്ലിക്കെട്ട് നിരോധം നമ്മുടെ സംസ്‌ക്കാരത്തിലേക്കാണ് നുഴഞ്ഞുകയറുന്നത്. എല്ലാവര്‍ഷവും കേരളത്തില്‍ ആയിരക്കണക്കിന് ആനകള്‍ വിരണ്ടോടാറുണ്ട്. ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും ജീവഹാനികളും ജെല്ലിക്കെട്ടിനേക്കാളും വരും. റോഡപകടങ്ങളില്‍ ജെല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മനുഷ്യര്‍ മരിക്കുന്നു.

നേരത്തെയുണ്ടായ ഹിന്ദി വിരുദ്ധ സമരം ഹിന്ദിക്കാര്‍ക്കോ ഹിന്ദി ഭാഷക്കോ എതിരായിരുന്നില്ല. ഗാന്ധിജിയും നെഹ്‌റുവും ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് നമുക്കറിയാം. ഹിന്ദി ഭാഷയെ നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനും നിരക്ഷരരാക്കുന്നതിനും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിനും എതിരെയായിരുന്നു അന്ന് സമരം നടന്നത്.

എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം മറീന ബീച്ചിലേക്ക് നേരിട്ട് പോയി സമരക്കാരെ കാണുമായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി മറീന ബീച്ചിലേക്ക് പോകണമായിരുന്നു. ജെല്ലിക്കെട്ട് ഒരു കാരണം മാത്രമാണ്. നിരവധി അസംതൃപ്തികള്‍ ഇത്തരമൊരു പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.