LiveTV

Live

National

പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിച്ചു

പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിച്ചു
Summary
വേദന കൊണ്ട് പുളയുന്നതിനിടയിലും ഗര്‍ഭപാത്രമുഖം ബ്ലേഡ് കൊണ്ട് മുറിച്ചാണ് യുവതി തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിച്ചു

രാജ്യത്തെ ആരോഗ്യസംവിധാനത്തിലുള്ള അപര്യാപ്തയും തുടര്‍ന്നുള്ള ദുരിതങ്ങളും മരണങ്ങളും എന്നും ചര്‍ച്ചയാകാറുണ്ട്. പക്ഷേ ഇപ്പോഴും ആ അവസ്ഥ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

ആന്ധ്രപ്രദേശില്‍ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ ആദിവാസി യുവതി വഴിയില്‍ പ്രസവിച്ചു. പ്രസവവേദനകൊണ്ട് പുളയുന്നതിനിടയിലും ഗര്‍ഭപാത്രമുഖം ബ്ലേഡ് കൊണ്ട് മുറിച്ചാണ് യുവതി തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.

30 കാരി ലക്ഷ്മിക്കാണ് വഴിയില്‍ ഈ ദുരിത പ്രസവം ഉണ്ടായത്. ലക്ഷ്മിയുടെ അഞ്ചാമത്തെ പ്രസവമാണിത്. ഭര്‍ത്താവ് സീതന്ന ദോറയ്ക്കൊപ്പം സമീപത്ത് പത്ത് കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്നു അവര്‍. റോഡ് സൌകര്യമുള്ള പ്രദേശമല്ലാത്തതിനാല്‍ കാല്‍നട മാത്രമായിരുന്നു ആശ്രയം. അല്‍പം കൂടി മുന്നോട്ടുപോയാല്‍ മാത്രമേ റോഡ് സൌകര്യമുള്ള സ്ഥലത്ത് എത്തുമായിരുന്നുള്ളൂ. പക്ഷേ അതിന് മുമ്പുതന്നെ ലക്ഷ്മിക്ക് പ്രസവവേദന തുടങ്ങുകയും മറ്റ് പോംവഴിയൊന്നുമില്ലാത്തതിനാല്‍ ആ വഴിയില്‍വെച്ചുതന്നെ അവള്‍ ബ്ലേഡ് വെച്ച് കീറി കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ ലക്ഷ്മിയുടെ ഭര്‍ത്താവ് 108 ആംബുലന്‍സ് സഹായം തേടുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഡിസംബര്‍ 23 ന് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാരേദുമില്ലി മണ്ഡലിലാണ് സംഭവം നടന്നത്. വേണ്ടത്ര ചികിത്സാസൌകര്യങ്ങളോ ആശുപത്രികളോ ഇനിയും എത്തിപ്പെട്ടില്ലാത്ത മേഖലയാണിത്.

അമ്മയ്ക്കും കുഞ്ഞിനും നല്ല ശ്രദ്ധയും പരിചരണവും ചികിത്സയും തങ്ങള്‍ നല്‍കിയെങ്കിലും നിയമനടപടികള്‍ പേടിച്ച് അവര്‍ പെട്ടെന്ന് ഡിസ്ചാര്‍ജ് വാങ്ങിപ്പോയെന്ന് വിശദീകരിക്കുന്നു ആശുപത്രി അധികൃതര്‍. ട്രൈബല്‍ പ്രദേശത്തുള്ള ഗര്‍ഭിണികളോട് പ്രസവതീയതിക്ക് പത്തുദിവസം മുന്നേ ഹോസ്പിറ്റലില്‍ വന്ന് അഡ്മിറ്റാവണമെന്ന് തങ്ങള്‍ നിരന്തരം ഉപദേശിക്കുന്നതാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. ലക്ഷ്മിയെ കൃത്യസമയത്തിന് മുമ്പ് ആശുപത്രിയിലെത്തിക്കാഞ്ഞത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തരുടെ വീഴ്ചയാണെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.