LiveTV

Live

National

റെയില്‍വെ ബജറ്റ് ഇല്ലാതാക്കാന്‍ നടപടിയെടുത്തതിനെതിരെ വിമര്‍ശം

റെയില്‍വെ ബജറ്റ് ഇല്ലാതാക്കാന്‍ നടപടിയെടുത്തതിനെതിരെ  വിമര്‍ശം
Summary
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയുള്ള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് സിപിഎം കുറ്റപ്പെടുത്തി

റെയില്‍വെ ബജറ്റ് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിയെടുത്തതിനെതിരെ രാഷ്ട്രീയരംഗത്ത് വിമര്‍ശമുയരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയുള്ള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ച ഒഴിവാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ റെയില്‍വെ സ്വകാര്യവത്കരണത്തിനുള്ള മണ്ണൊരുക്കുകയാണോ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു.

റെയില്‍വെ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനും ബജറ്റില്‍ പദ്ധതി- പദ്ധതിയേതര ചെലവുകള്‍ വേര്‍തിരിച്ച് കാണിക്കുന്നത് നിര്‍ത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിടുക്കത്തില്‍ ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ല. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന ഒരു സമ്പ്രദായം അവസാനപ്പിക്കുന്നതിനെയും റെയില്‍വെ ബജറ്റവതരണത്തിനുള്ള ചെലവുകള്‍ ഇല്ലാതാക്കുന്നതിനെയും അപ്പാടെ എതിര്‍ക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നതാണ് ഇതിനു കാരണം. അതുകൊണ്ടു തന്നെ വളരെ കരുതലോടെയാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീടും ഇതിനോട് പ്രതികരിച്ചത്. തിടുക്കത്തിലുള്ള നീക്കം സംശയാസ്പദമാണെന്നും റെയില്‍വെയുടെ ഭൂസ്വത്തില്‍ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ കണ്ണു വെച്ചിട്ടുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. അതിനു ശേഷമാണ് സിപിഎം ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നിരയിലെ മുന്‍ റെയില്‍വെ മന്ത്രിമാരായ നിതീഷ് കുമാര്‍, മുകുള്‍ റോയ്, ദിനേഷ് ത്രിവേദി എന്നിവരും രംഗത്തു വന്നു.